ഭഗത് സാധന പള്ളിയില്‍ അതിക്രമിച്ചു കയറി സിനിമ ഷൂട്ടിങ്; കേസെടുക്കണമെന്ന് പഞ്ചാബ് ശാഹി ഇമാം

Update: 2025-11-25 09:49 GMT

ലുധിയാന: പഞ്ചാബിലെ ചരിത്രപ്രസിദ്ധമായ ഭഗത് സാധന പള്ളിയില്‍ അതിക്രമിച്ചു കയറി സിനിമ ഷൂട്ട് ചെയ്തവര്‍ക്കെതിരേ നടപടി വേണമെന്ന് ശാഹി ഇമാം മൗലാന മുഹമ്മദ് ഉസ്മാന്‍ റഹ്‌മാനി ലുധിയാന്‍വി. ഫതേഗഡ് സാഹിബ് ജില്ലയിലെ പള്ളിയിലാണ് നടി സോനം ബജ്വ അടക്കമുള്ളവര്‍ അതിക്രമിച്ച് സിനിമ ഷൂട്ട് ചെയ്തത്. ചരിത്രപ്രധാനമായ പള്ളിയില്‍ അനുമതിയില്ലാതെ ഷൂട്ട് ചെയ്തത് നിര്‍ഭാഗ്യകരമായെന്ന് അദ്ദേഹം പറഞ്ഞു. '' ഭഗത് സാധന എന്ന കവിയുടെ പേരിലാണ് പള്ളി. മുസ്‌ലിംകളും സിഖുകാരും വളരെ ബഹുമാനത്തോടെ കാണുന്നയാളാണ് ഭഗത് സാധന.


അദ്ദേഹത്തിന്റെ വാക്കുകള്‍ സിഖുകാരുടെ മതഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിലും രേഖപ്പെടുത്തിയിരിക്കുന്നു. അ്ങ്ങനെയൊരു പള്ളിയില്‍ അതിക്രമിച്ച് കയറി സിനിമ ഷൂട്ട് ചെയ്തത് ശരിയായില്ല.''-അദ്ദേഹം വിശദീകരിച്ചു. ഡല്‍ഹി സുല്‍ത്താനേറ്റിന്റെ അവസാന കാലത്തോ മുഗള്‍ ഭരണത്തിന്റെ തുടക്കത്തിലോ ആണ് പള്ളി നിര്‍മിച്ചതെന്ന് കണക്കാക്കപ്പെടുന്നു. 1555ലെ സര്‍ഹിന്ദ് യുദ്ധത്തില്‍ വിജയിച്ചപ്പോള്‍ ഹുമായൂണ്‍ ചക്രവര്‍ത്തി പള്ളി നിര്‍മിച്ചെന്നും ചിലര്‍ പറയുന്നു.