മുംബൈ: 'കിങ്' സിനിമയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്ക്. പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി യുഎസിലേക്ക് പോയ താരം ഇവിടെനിന്ന് യുകെയിലേക്ക് മാറി. പരിക്ക് ഗുരുതരമല്ലെന്നും നിലവില്‍ സുഖം പ്രാപിച്ചുവരികയാണെന്നുമാണ് വിവരം. നേരത്തെ, നിശ്ചയിച്ച ശ്രീലങ്കന്‍ യാത്ര മാറ്റിവെച്ചു.
മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍ സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റതെന്നാണ് വിവരം. ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്‍ ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും 'കിങ്ങി'നുണ്ട്. ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. എന്തായാലും 'കിങ്ങി'ന്റെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ഷൂട്ടിങ് പുനഃരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.