ലൈംഗിക പീഡന പരാതി; പ്രശോഭ് സി വത്സനെ കോണ്‍ഗ്രസ് പുറത്താക്കി

Update: 2026-03-28 03:04 GMT

പാലക്കാട്: ലൈംഗികപീഡന പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പ്രശോഭ് സി വത്സനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെപിസിസി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.

ധാര്‍മികത ഉണ്ടെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പറഞ്ഞു. പരാതി നല്‍കിയ യുവതിയുടെ മൊഴി പോലിസ് ഇന്ന് രേഖപ്പെടുത്തും.

ജോലി വാഗ്ദാനം ചെയ്ത് താമസ സ്ഥലത്തെത്തി പീഡിപ്പിച്ചുവെന്ന് ദലിത് യുവതിയാണ് പീഡന പരാതി നല്‍കിയത്. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ച് കാറില്‍ വെച്ച് പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി കൊണ്ടുപോയി, കാറില്‍ വെച്ചും പീഡനത്തിനിരയാക്കി. പാലക്കാട് ജില്ല ആശുപത്രിക്ക് സമീപം വെച്ചും പീഡനമുണ്ടായി. ഇത് കൂടാതെ പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന് യുവതി പറയുന്നു. പാലക്കാട് നഗരസഭ 24ാം വാര്‍ഡിലെ കൗണ്‍സിലറാണ് പ്രശോഭ്.

Tags: