സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Update: 2026-04-17 02:55 GMT


തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പലയിടത്തും ഉഷ്ണതരംഗ സമാനസാധ്യത. 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം എന്നാണ് അറിയിപ്പ്. രണ്ട് ദിവസം കൂടി കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്തെ ശരാശരി പകല്‍ അന്തരീക്ഷതാപനില 37 ഡിഗ്രി സെല്‍ഷ്യസും കടന്നു. കത്തുന്ന ചൂടിന് അല്‍പം കുറവ് ഇടുക്കിയിലും വയനാട്ടിലും മാത്രമാണ്. വെന്തുരുകുന്ന ചൂടില്‍ നിന്ന് മലയാളികള്‍ ആശ്വാസം തേടിയെത്തുന്നത് മൂന്നാറിലേക്ക് ആണ്. ഇടവിട്ട് കിട്ടുന്ന വേനല്‍മഴയും 25 ഡിഗ്രിയോടടുപ്പിച്ച അന്തരീക്ഷ താപനിലയും ആണ് കുളിര്‍മ. ഇളംവെയിലും കുളിര്‍കാറ്റുമൊക്കെത്തേടി പാലക്കാട്ട്‌നിന്നും കൊല്ലത്തുനിന്നുമൊക്കെയാണ് ആളുകളധികവും എത്തുന്നത്.

അതേസമയം, സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുളളത്.

Tags: