പതിനേഴ് ചാരന്‍മാരെ വധശിക്ഷയ്ക്ക് വിധിച്ച് യെമന്‍ കോടതി

Update: 2025-11-23 16:20 GMT

സന്‍ആ: യുഎസിനും ബ്രിട്ടനും സൗദിക്കും ഇസ്രായേലിനും വേണ്ടി ചാരവൃത്തി നടത്തിയ പതിനേഴ് പേരെ വധശിക്ഷയ്ക്ക് വിധിച്ച് യെമനിലെ കോടതി. രണ്ടു കേസുകളിലായാണ് രണ്ട് കോടതികള്‍ പതിനേഴ് പേരെ ശിക്ഷിച്ചത്. ഇവരെ പൊതുജന മധ്യത്തില്‍ വെടിവച്ചു കൊല്ലാനാണ് ഉത്തരവ്. കുറ്റാരോപിതര്‍ 2024-25 കാലത്ത് ചാരവൃത്തി നടത്തിയെന്നാണ് പ്രത്യേക കോടതി കണ്ടെത്തിയത്.

വിദേശികള്‍ക്കായി രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു, നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു, സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി, വിദേശ സൈന്യങ്ങള്‍ക്ക് യെമനെ ആക്രമിക്കാന്‍ വേണ്ട വിവരങ്ങള്‍ നല്‍കി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞത്. യെമനി ഉദ്യോഗസ്ഥരുടെ സ്ഥാനങ്ങള്‍ ഇസ്രായേല്‍ പോലുള്ള രാജ്യങ്ങള്‍ക്ക് നല്‍കി, മിസൈലുകളുടെ വിവരങ്ങള്‍ ചോര്‍ത്തി, മിസൈല്‍ ലോഞ്ചിങ് സ്ഥാനങ്ങള്‍ ചോര്‍ത്തി, മിസൈല്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തി തുടങ്ങിയ കുറ്റങ്ങളും പ്രതികള്‍ക്കെതിരേ തെളിഞ്ഞു. ഇസ്രായേലി ചാര ഏജന്‍സിയായ മൊസാദ് നല്‍കിയ എന്‍ക്രിപ്റ്റഡ് ചാര ഉപകരണങ്ങളും ക്യാമറകളും കോടതിയില്‍ തെളിവായ് എത്തി. മറ്റൊരു കേസില്‍ ഒരു സ്ത്രീയേയും പുരുഷനെയും പത്തുവര്‍ഷം തടവിനും ശിക്ഷിച്ചു. ഒരു കേസില്‍ ഒരാളെ കോടതി വെറുതെവിട്ടു.

മൊസാദിനും യുഎസ് ചാര ഏജന്‍സിയായ സിഐഎക്കും സൗദിയുടെ ജനറല്‍ ഇന്റലിജന്‍സ് പ്രസിഡന്‍സിക്കും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഒരു ചാര ഗ്രൂപ്പിലെ അംഗങ്ങളെ ഈ മാസം ആദ്യം യെമന്‍ പോലിസ് പിടികൂടിയിരുന്നു. ഈ ചാരന്‍മാര്‍ക്ക് സൗദിയിലാണ് പരിശീലനം ലഭിച്ചിരുന്നത്. ഇവരുടെ വിചാരണ ഉടന്‍ തുടങ്ങും.

ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യെമന്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ഇസ്രായേലും യുഎസും യെമനില്‍ നിരവധി തവണ ബോംബാക്രമണങ്ങള്‍ നടത്തിയിരുന്നു. ഈ ആക്രമണങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ ചോര്‍ത്തിയവരും വധശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.