സോഷ്യല്‍ മീഡിയ സുഹൃത്തിനെ കാണാന്‍ ഇടുക്കിയില്‍ നിന്നു പുറപ്പെട്ട ഏഴു പെണ്‍കുട്ടികളെ തേനിയില്‍ കണ്ടെത്തി
ഇടുക്കി: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാന്‍ നാടുവിട്ട ഏഴു പെണ്‍കുട്ടികളെ തേനിയില്‍ കണ്ടെത്തി. ഇവരെയെല്ലാം പിടികൂടി നാട്ടിലേക്ക് കൊണ്ടുവന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള സംഘമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് അണക്കരക്ക് സമീപം ഇവരുടെ വീടുകളില്‍നിന്ന് പോയത്. വൈകുന്നേരത്തോടെ വീട്ടുകാര്‍ വണ്ടന്‍മേട് പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലിസും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ തമിഴ്‌നാട്ടിലെ തേനി ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു.
കുട്ടികളെ വണ്ടന്‍മേട് സ്‌റ്റേഷനില്‍ എത്തിച്ചു. വണ്ടന്‍മേട് എസ്എച്ച്ഒ എ ഷൈന്‍ കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ ബിനോയ് എബ്രഹാം, എഎസ്‌ഐ കെ ടി റെജിമോന്‍, എസ്‌സിപിഒമാരായ ജയ്‌മോന്‍ മാത്യു, പ്രശാന്ത് മാത്യു, സിപിഒമാരായ സാന്‍ജോ മോന്‍ കുര്യന്‍, പി ആര്‍. ജിഷ, എ രേവതി എന്നിവരടങ്ങിയ സംഘമാണ് കുട്ടികളെ കണ്ടെത്തിയത്. ഏഴു കുട്ടികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയായ ആളാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ യുവാവിനെ കാണുന്നതിന് വേണ്ടിയാണ് ഈ പെണ്‍കുട്ടി തമിഴ്‌നാട്ടിലേയ്ക്ക് പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഈ പെണ്‍കുട്ടിക്ക് പിന്നാലെ ബന്ധുക്കളും അയല്‍വാസികളുമായ മറ്റ് ആറ് കുട്ടികള്‍ കൂട്ടുപോകുകയായിരുന്നു. കടയില്‍ പോകുന്നു എന്നുപറഞ്ഞാണ് കുട്ടികള്‍ വീട്ടില്‍നിന്ന് ഇറങ്ങിയതെന്ന് ഒരു കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.