''സെല്ലിലെ ടിവിയും പ്ലേ സ്റ്റേഷനും ജയില്‍ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി''; സീരിയല്‍ കില്ലര്‍ നിരാഹാര സമരത്തില്‍
ലണ്ടന്‍: ജയില്‍ സെല്ലിലെ ടിവിയും പ്ലേ സ്റ്റേഷനും അധികൃതര്‍ കൊണ്ടുപോയതില്‍ പ്രതിഷേധിച്ച് യുകെയിലെ കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ നിരാഹാര സമരം തുടങ്ങി. യുകെയിലെ വേക്ക്ഫീല്‍ഡ് ജയിലില്‍ 1983 മുതല്‍ ഏകാന്ത തടവില്‍ കഴിയുന്ന റോബര്‍ട്ട് മോഡസ്‌ലിയാണ് സമരം തുടങ്ങിയിരിക്കുന്നത്. വളരെ മോശം സാഹചര്യങ്ങളില്‍ വളര്‍ന്ന റോബര്‍ട്ട് കുട്ടിക്കാലം മുതലേ ലഹരിക്ക് അടിമയായിരുന്നുവെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ലഹരി വസ്തുക്കള്‍ക്ക് പണം കണ്ടെത്താന്‍ സ്വന്തം ശരീരം വില്‍ക്കേണ്ടി വന്നു. 1974ല്‍ ആണ് റോബര്‍ട്ട് ആദ്യ കൊലപാതകം നടത്തുന്നത്. കസ്റ്റമര്‍ ആയി എത്തിയ ജോണ്‍ ഫാരെല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. താന്‍ പീഡിപ്പിച്ച മറ്റു കുട്ടികളുടെ ചിത്രം ജോണ്‍ ഫാരെല്‍, റോബര്‍ട്ടിനെ കാണിച്ചതാണ് പ്രകോപനത്തിന് കാരണമായത്.
ഈ കേസില്‍ ജയിലില്‍ ആയെങ്കിലും വിചാരണ നേരിടാന്‍ വേണ്ട മാനസിക ആരോഗ്യമില്ലാത്തതിനാല്‍ ബ്രോഡ്മൂര്‍ ആശുപത്രിയിലെ മാനസിക ആരോഗ്യ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ച് 1977ല്‍, കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഡേവിഡ് ഫ്രാന്‍സിസ് എന്നയാളെ കൊലപ്പെടുത്തി. ഇതിന് ശേഷമാണ് വേക്ക്ഫീല്‍ഡ് ജയിലിലേക്ക് മാറ്റിയത്.
എന്നാല്‍, 1978ല്‍ ഒരു ദിവസം മാത്രം രണ്ടു പീഡനക്കേസ് പ്രതികളെ കൊന്നു. ഏഴു പേരെ കൊല്ലാനായിരുന്നു പദ്ധതി. ഇതേതുടര്‍ന്നുള്ള നടപടികളുടെ ഭാഗമായാണ് 1983ല്‍ ചില്ലുകൂട്ടിലേക്ക് മാറ്റിയത്. 18 അടി നീളവും 15 അടി വീതിയുമുള്ള ചില്ലുകൂട്ടിലാണ് റോബര്‍ട്ടിനെ അടച്ചത്. ദിവസം ഒരു മണിക്കൂര്‍ മാത്രമാണ് ആറു സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യത്തില്‍ പുറത്തിറക്കുക. ബാക്കി സമയമെല്ലാം ചില്ലുകൂട്ടിലായിരിക്കും. അവിടെ സമയം പോവാന്‍ ഉപയോഗിച്ചിരുന്ന ടിവിയും പ്ലേ സ്റ്റേഷനുമാണ് കഴിഞ്ഞ ദിവസം അധികൃതര്‍ എടുത്തുകൊണ്ടുപോയത്.
