ഇറാന്റെ ഐആര്‍ജിസി കമാന്‍ഡര്‍ കൊല്ലപ്പെട്ടു

Update: 2025-06-13 02:20 GMT

തെഹ്‌റാന്‍: ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോപ്‌സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി കൊല്ലപ്പെട്ടെന്ന് ഇറാന്‍ സ്ഥിരീകരിച്ചു. ഇതിന് പുറമെ നിരവധി ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രമുഖ ആണവശാസ്ത്രജ്ഞരായ മുഹമ്മദ് മെഹ്ദി തെഹറാഞ്ചിയും ഫെറെദൂന്‍ അബ്ബാസിയും കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

മധ്യ ഇറാനിലെ നതാന്‍സ് ആണവകേന്ദ്രം ഇസ്രായേല്‍ ആക്രമിച്ചെന്ന് ഇറാന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍. ഇസ്ഫാന്‍ പ്രവിശ്യയിലെ ക്വോം മലകള്‍ക്ക് സമീപമാണ് ഈ ആണവകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇറാന്റെ രണ്ട് ഭൂഗര്‍ഭ ആണവനിലയങ്ങളില്‍ ഒന്നാണിത്. ഏകദേശം മൂന്നു നില അടിയിലാണ് ആണവകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇതിന് താഴെ നിരവധി ടണലുകളും സ്ഥാപിച്ചിരിക്കുന്നു. അതിനാല്‍ തന്നെ ഇസ്രായേല്‍ ആക്രമണം ആണവകേന്ദ്രത്തെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, രാജ്യതലസ്ഥാനമായ തെഹ്‌റാനില്‍ സൈനിക ഉദ്യോഗസ്ഥര്‍ താമസിക്കുന്ന പ്രദേശത്താണ് പ്രധാനമായും ആക്രമണമുണ്ടായത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ടുണ്ട്.


ഈ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ ഇസ്രായേലിനെ ആക്രമിക്കുകയാണെങ്കില്‍ ഇസ്രായേലില്‍ വലിയ നാശമുണ്ടാവുമെന്നാണ് പശ്ചിമേഷ്യയിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരെ അറിയിച്ചിരിക്കുന്നത്. നൂറുകണക്കിന് മിസൈലുകള്‍ എത്തിയാല്‍ അവയെ പ്രതിരോധിക്കാന്‍ ഇസ്രായേലിന് കഴിയില്ലെന്നാണ് വിറ്റ്‌കോഫ് സെനറ്റര്‍മാരോട് പറഞ്ഞതെന്ന് ആക്‌സിയോം റിപോര്‍ട്ട് ചെയ്തു. ഇത് ഇസ്രായേലില്‍ നിരവധി പേര്‍ മരിക്കാന്‍ കാരണമാവും. ഇറാന്റെ ആണവപദ്ധതികളേക്കാള്‍ മാരകം മിസൈല്‍ പദ്ധതികളാണെന്നും വിറ്റ്‌കോഫ് പറഞ്ഞു. 2000 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ വഹിക്കാവുന്ന 2000ത്തില്‍ അധികം മിസൈലുകള്‍ മാത്രം ഇറാന്റെ കൈവശമുണ്ട്. ഓരോ മാസവും ഇത്തരം 50 മിസൈലുകള്‍ ഇറാന്‍ പുതുതായി നിര്‍മിക്കുന്നുണ്ട്. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനുള്ള മിസൈലുകളാണ് നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. ആണവകേന്ദ്രങ്ങളെ ശത്രുക്കള്‍ ബോംബിട്ട് നശിപ്പിച്ചാല്‍ അവ പുനര്‍നിര്‍മിക്കാന്‍ ഇറാന് കഴിയുമെന്ന് പ്രസിഡന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.