മദ്യപിച്ച് നൃത്തം ചെയ്യാന്‍ മുതിര്‍ന്ന സെനറ്റ് അംഗം ആവശ്യപ്പെട്ടെന്ന് സെനറ്റര്‍ ഫാത്വിമ പേയ്മാന്‍

Update: 2025-05-28 05:01 GMT

സിഡ്‌നി(ആസ്‌ത്രേലിയ): മദ്യപിച്ച് മേശയില്‍ കയറി നൃത്തം ചെയ്യാന്‍ മുതിര്‍ന്ന സെനറ്റ് അംഗം ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി ആസ്‌ത്രേലിയയിലെ സ്വതന്ത്ര സെനറ്റര്‍ ഫാത്വിമ പേയ്മാന്‍. പാര്‍ലമെന്റ് സംബന്ധിയായ ചടങ്ങിലാണ് ദുരനുഭവം ഉണ്ടായതെന്ന് ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഫാത്വിമ വെളിപ്പെടുത്തി. വിഷയത്തില്‍ പാര്‍ലമെന്ററി വര്‍ക്ക്‌പ്ലേസ് സപോര്‍ട്ട് സര്‍വീസില്‍ (പിഡബ്ല്യുഎസ്എസ്) പരാതി നല്‍കിയതായും അവര്‍ പറഞ്ഞു. മുതിര്‍ന്ന സെനറ്ററുടെ അഭിപ്രായങ്ങള്‍ ലൈംഗിക ചുവയുള്ളതായിരുന്നു, മദ്യം കഴിക്കാത്ത ഒരു മുസ്‌ലിം സ്ത്രീ എന്ന നിലയില്‍ ഒറ്റപ്പെടുത്തുന്നതായി തോന്നി. '' ...ഞാന്‍ മദ്യപിക്കാറില്ല, എന്നെ നിര്‍ബന്ധിക്കേണ്ട ആവശ്യമില്ല...''-ഞാന്‍ അയാളോട് പറഞ്ഞു. വിഷയത്തില്‍ പിഡബ്ല്യുഎസ്എസ് ആരോപണ വിധേയന് നോട്ടിസ് നല്‍കി.


ലേബര്‍ പാര്‍ട്ടി ടിക്കറ്റിലാണ് പടിഞ്ഞാറന്‍ ആസ്‌ത്രേലിയയില്‍ നിന്നും 2022ല്‍ ഫാത്വിമ സെനറ്റ് അംഗമായത്. പക്ഷേ, 2024ല്‍ പാര്‍ട്ടി വിട്ടു. ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കണമെന്ന ഗ്രീന്‍ പാര്‍ട്ടിയുടെ പ്രമേയത്തിന് ലേബര്‍ പാര്‍ട്ടി പിന്തുണ നല്‍കാത്തതായിരുന്നു കാരണം.