കീവ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള വാക്കുതര്‍ക്കത്തില്‍ ഖേദം പ്രകടിപ്പിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കി. യുക്രൈനുള്ള സൈനികസഹായം യുഎസ് മരവിപ്പിച്ച ഉടനെയാണ് സെലെന്‍സ്‌കി ഖേദം പ്രകടിപ്പിച്ചത്. ശാശ്വതമായ സമാധാനത്തിനു ട്രംപിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി സെലെന്‍സ്‌കി എക്‌സില്‍ കുറിച്ചു. യുക്രൈയ്‌നിലെ അപൂര്‍വ്വ ധാതുക്കളുമായി ബന്ധപ്പെട്ട കരാറില്‍ ഉടന്‍ ഒപ്പിടാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുമായി യുദ്ധം തുടങ്ങിയ 2022 മുതല്‍ കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന ആയുധങ്ങള്‍ യുക്രൈന് നല്‍കിയെന്നും അതില്‍ അവര്‍ നന്ദി കാണിക്കുന്നില്ലെന്നുമാണ് ട്രംപ് പറയുന്നത്. കൂടാതെ യുദ്ധം അവസാനിപ്പിക്കാന്‍ സെലെന്‍സ്‌കി നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. ഇതിന് പിന്നാലെ യുക്രൈനുള്ള സൈനികസഹായം യുഎസ് സര്‍ക്കാര്‍ മരവിപ്പിച്ചു.