''പ്രതി മുഗള്‍ ഭരണം പുനസ്ഥാപിക്കാന്‍ ശ്രമിച്ചു''; അഭിഭാഷകന്റെ ജാമ്യാപേക്ഷയില്‍ ഇടപെടാതെ മധ്യപ്രദേശ് ഹൈക്കോടതി
ഭോപ്പാല്‍: രാജ്യത്ത് മുഗള്‍ ഭരണം പുനസ്ഥാപിക്കാന്‍ ശ്രമിച്ചുവെന്ന യുഎപിഎ കേസിലെ ആരോപണ വിധേയന്റെ ജാമ്യാപേക്ഷയില്‍ ഇടപെടാന്‍ മധ്യപ്രദേശ് ഹൈക്കോടതി വിസമ്മതിച്ചു. ആരോപണ വിധേയനില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ രാജ്യത്ത് മുഗള്‍ സാമ്രാജ്യം പുനസ്ഥാപിക്കാന്‍ ശ്രമം നടന്നുവെന്നതിന് പ്രഥമദൃഷ്ട്യാ തെളിവാണെന്ന് പറഞ്ഞാണ് ജസ്റ്റിസുമാരായ വിവേക് അഗര്‍വാളും ദേവനാരായണ്‍ മിശ്രയും ജാമ്യാപേക്ഷ തള്ളിയത്.
മനുഷ്യാവകാശ പ്രവര്‍ത്തകനായ അഭിഭാഷകനെ 2023ലാണ് എന്‍ഐഎ ഇക്കാര്യം ആരോപിച്ച് അറസ്റ്റ് ചെയ്തത്. കേസില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും 2025 ഫെബ്രുവരി എട്ടിന് പ്രത്യേക എന്‍ഐഎ കോടതി അത് തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ബ്രിട്ടീഷുകാര്‍ അധികാരം ഏറ്റെടുക്കുന്നതിന് മുമ്പ് നിലനിന്നിരുന്നതുപോലെ ഒരു മുഗള്‍ വ്യവസ്ഥ സ്ഥാപിക്കുക എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി സമൂഹത്തിലെ അംഗങ്ങള്‍ക്കിടയിലെ സാമുദായിക ഐക്യം തകര്‍ക്കാന്‍ അഭിഭാഷകന്‍ ശ്രമിച്ചതായാണ് ഹൈക്കോടതി പറഞ്ഞത്.
മനുഷ്യാവകാശ സംഘടനയിലെ പ്രവര്‍ത്തകനായ തന്റെ കക്ഷി നിയമ അവബോധന ക്ലാസുകള്‍ നടത്തുന്നയാളാണെന്നും നിരോധിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അഭിഭാഷകന്‍ മുഹമ്മദ് താഹിര്‍ കോടതിയെ അറിയിച്ചു. യുഎപിഎ പ്രകാരം കേസെടുക്കാവുന്ന പ്രവര്‍ത്തനങ്ങളൊന്നുമില്ലെന്നും അദ്ദേഹം വാദിച്ചു. അതെല്ലാം വിചാരണക്കോടതി തീരുമാനിക്കട്ടെയെന്ന് ഹൈക്കോടതി പറഞ്ഞു.