കോടതിയില്‍ അംബേദ്ക്കര്‍ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കുന്നില്ല: പ്രതിഷേധിക്കാന്‍ ദലിത് സംഘടനകള്‍; ഗ്വാളിയറില്‍ 4,000 പോലിസുകാരെ വിന്യസിച്ചു(VIDEO)
ഗ്വാളിയര്‍: മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയര്‍ ബെഞ്ച് അങ്കണത്തില്‍ ഡോ. ബി ആര്‍ അംബേദ്ക്കറുടെ പ്രതിമ സ്ഥാപിക്കുന്നതിനെ ഒരു വിഭാഗം അഭിഭാഷകര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഗ്വാളിയറില്‍ കനത്തസുരക്ഷ ഏര്‍പ്പെടുത്തി. ഹിന്ദുത്വ സ്വഭാവമുള്ള അഭിഭാഷകരുടെ നിലപാടിനെതിരേ ഭീം ആര്‍മി അടക്കം വിവിധ സംഘടനകള്‍ പ്രതിഷേധം പ്രഖ്യാപിച്ചതാണ് സുരക്ഷ ഏര്‍പ്പെടുത്താന്‍ കാരണം. ഏകദേശം 4,000 പോലിസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.
ആറ് മാസം മുമ്പാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഹൈക്കോടതി അങ്കണത്തില്‍ അംബേദ്ക്കര്‍ പ്രതിമ സ്ഥാപിക്കുന്നതിനെ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് അടക്കമുള്ളവര്‍ എതിര്‍ത്തു. ഇതോടെ ദലിത് സംഘടകളും പ്രതിമ സ്ഥാപിക്കണമെന്ന നിലപാടുള്ള അഭിഭാഷകര്‍ക്കൊപ്പമെത്തി. അതിനിടെ ബാര്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റായ അനില്‍ മിശ്ര, അംബേദ്ക്കര്‍ക്കെതിരേ വളരെ മോശം പരാമര്‍ശങ്ങള്‍ നടത്തി. ബ്രിട്ടീഷ് അടിമയായ ഏജന്റായിരുന്നു അംബേദ്ക്കറെന്നും നുണയനാണെന്നുമാണ് അനില്‍ മിശ്ര ആരോപിച്ചത്. തുടര്‍ന്ന് ഇന്ന് വലിയ പ്രതിഷേധത്തിന് ഭീം ആര്‍മി അടക്കമുള്ള സംഘടനകള്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ പോലിസിനെ വിന്യസിച്ചിരിക്കുന്നത്. ചീഫ് സുപ്രണ്ട് ഓഫ് പോലിസ് ഹിനാ ഖാനാണ് പോലിസ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
അതിനിടെ സിഎസ്പി ഹിനാഖാനെതിരെ അനില്‍ മിശ്രയും സംഘവും ജയ് ശ്രീ രാം മുദ്രാവാക്യം വിളിച്ചു. പൊതുസ്ഥലത്ത് ടെന്റ് കെട്ടി രാമായണം പാരായണം ചെയ്യണമെന്ന അനില്‍ മിശ്രയുടെ ആവശ്യം തള്ളിയതാണ് കാരണം. പ്രദേശത്ത് സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നതിനാല്‍ പരിപാടി സാധ്യമല്ലെന്ന് സിഎസ്പി അറിയിച്ചു. സിഎസ്പി സനാതനി വിരുദ്ധയാണെന്ന് അനില്‍ മിശ്ര ആരോപിച്ചു. താന്‍ സനാതനി വിരോധിയില്ലെന്ന് സിഎസ്പി പറഞ്ഞു. തുടര്‍ന്ന് അനില്‍ മിശ്രയും സംഘവും സിഎസ്പിക്കെതിരേ ജയ്ശ്രീരാം മുദ്രാവാക്യം വിളിച്ചു. എന്നാല്‍ സിഎസ്പി ഹിനാഖാന്‍ നാലുതവണ ജയ്ശ്രീരാം മുദ്രാവാക്യം വിളിക്കുകയും ഇനിയെന്തെങ്കിലുമുണ്ടോയെന്ന് അനില്‍ മിശ്രയോടും സംഘത്തോടും ചോദിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ വീഡിയോ വൈറലായി മാറിയിട്ടുണ്ട്.
Full View
പട്ടികജാതി-പീഡന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ പോലിസ് ഉടന്‍ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന 2018ലെ സുപ്രിംകോടതി നിര്‍ദേശം ഗ്വാളിയറില്‍ വന്‍ സംഘര്‍ഷത്തിന് കാരണമായിരുന്നു. സമാനമായ പ്രതിഷേധം ഇത്തവണയും ഉണ്ടാവുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.

