പുല്‍വാമ ആക്രമണവും ലോക്‌സഭാ തിരഞ്ഞെടുപ്പും ബന്ധപ്പെടുത്തി പോസ്റ്റിട്ട യുവാവിനെതിരായ കേസ് റദ്ദാക്കി
അലഹബാദ്: കശ്മീരിലെ പുല്‍വാമയില്‍ 2019 ഫെബ്രുവരി 14നുണ്ടായ ആക്രമണവും അതേവര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന രീതിയില്‍ പോസ്റ്റിട്ട യുവാവിനെതിരായ കേസ് റദ്ദാക്കി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ സ്വദേശിയായ ഫറാഹീം ഖുറൈശിക്കെതിരായ കേസാണ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത്.
''പുല്‍വാമ ആക്രമണം, 2019ലേക്കുള്ള തയ്യാറെടുപ്പാണോ? എനിക്ക് അങ്ങനെ തോന്നുന്നു, ഇത് വളരെ മോശം രാഷ്ട്രീയമാണ്. നിങ്ങള്‍ക്ക് എന്തു തോന്നുന്നു?''എന്ന പോസ്റ്റാണ് കേസിന് കാരണമായത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ഖുര്‍ജനഗര്‍ പോലിസാണ് കേസെടുത്തിരുന്നത്. മതത്തെയോ വിശ്വാസത്തെയോ അപമാനിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തിയെന്ന ഐപിസിയിലെ 295എ വകുപ്പാണ് കേസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ കേസ് റദ്ദാക്കാന്‍ ഫറാഹീം ഖുറൈശി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മതവുമായി ബന്ധമില്ലെന്ന് പറയുന്ന പാര്‍ട്ടിയെ പരിഹസിക്കാന്‍ ഉദ്ദേശിച്ച് ഇട്ട പോസ്റ്റിലെ ചില വാക്കുകള്‍ ഉപയോഗിച്ച് 295എ വകുപ്പു പ്രകാരമുള്ള കേസെടുക്കാന്‍ കഴിയില്ലെന്ന് വാദം കേട്ട കോടതി പറഞ്ഞു. തുടര്‍ന്ന് കേസ് റദ്ദാക്കി ഉത്തരവിടുകയായിരുന്നു.