യുഎസിന്റെ ഒരു യുദ്ധവിമാനം കൂടി ചെങ്കടലില്‍ വീണു
യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ വിമാനവാഹിനിക്കപ്പലില്‍ ഇറങ്ങുകയായിരുന്ന എഫ്എ18 സൂപ്പര്‍ ഹോണറ്റ് ഫൈറ്റര്‍ ജെറ്റ് കടലിലേക്ക് മറിയുകയായിരുന്നു
വാഷിങ്ടണ്‍: ചെങ്കടലിലുള്ള അമേരിക്കയുടെ യുഎസ്എസ് ഹാരി എസ് ട്രൂമാന്‍ വിമാനവാഹിനി കപ്പലില്‍ നിന്നും ഒരു യുദ്ധവിമാനം കൂടി കടലില്‍ വീണു. രണ്ടാഴ്ച്ചക്കുള്ളില്‍ കടലില്‍ പോവുന്ന രണ്ടാമത് എഫ്എ-18 സൂപ്പര്‍ ഹോണറ്റ് ഫൈറ്റര്‍ ജെറ്റ് വിമാനമാണ് ഇത്. ഒരു വിമാനത്തിന് 508 കോടി രൂപ വില വരും. ഒരു സൈനിക നടപടി കഴിഞ്ഞുവന്ന വിമാനം കപ്പലില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ ഉണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തില്‍ നിന്ന് ചാടിയ പൈലറ്റും ആയുധ ഓഫീസറും കടലില്‍ വീണു. അവരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷിച്ചത്. അവര്‍ക്ക് നേരിയ പരിക്കുണ്ട്.
ചൊവ്വാഴ്ച്ച ഹൂത്തികള്‍ ഹാരി എസ് ട്രൂമാന് നേരെ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണവും വിമാനം കടലില്‍ വീണതും തമ്മില്‍ ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഈ ആക്രമണം കഴിഞ്ഞ് അല്‍പ്പസമയത്തിന് ശേഷമാണ് യെമനുമായി വെടിനിര്‍ത്തുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഒമാന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് വെടിനിര്‍ത്തലുണ്ടായത്. ഇതുവരെ മൂന്നു എഫ്എ18 വിമാനങ്ങളാണ് യുഎസിന് ചെങ്കടലില്‍ നഷ്ടപ്പെട്ടിട്ടുള്ളത്. ഇവയുടെ അവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ പോലും സാധിച്ചിട്ടില്ല.