തൊഴിലുറപ്പ് പദ്ധതിയിലെ 71 കോടിയുടെ തട്ടിപ്പ്; ഗുജറാത്ത് മന്ത്രിയുടെ രണ്ടാമത്തെ മകനും അറസ്റ്റില്‍

Update: 2025-05-19 13:39 GMT

അഹമദാബാദ്: തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ടില്‍ 71 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഗുജറാത്ത് മന്ത്രിയുടെ രണ്ടാമത്തെ മകനും അറസ്റ്റില്‍. പഞ്ചായത്ത്കൃഷി വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ബച്ചുബായ് ഖബാദിന്റെ മകന്‍ കിരണ്‍ ഖബാദാണ് അറസ്റ്റിലായത്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ നടപ്പാക്കാതെ തന്നെ വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് പണം തട്ടിയതിനാണ് അറസ്‌റ്റെന്ന് പോലിസ് അറിയിച്ചു. ദഹോദ് ജില്ലയിലെ ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളായ ദേവ്ഗധ് ബരിയ, ധന്‍പൂര്‍ താലൂക്കുകളിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. മന്ത്രിയുടെ മൂത്ത മകനായ ബല്‍വന്ത് ഖബാദിനെ ശനിയാഴ്ച പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്ത് ആയതായി പോലിസ് അറിയിച്ചു. മക്കളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മന്ത്രിയുടെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.