തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; വടക്കന്‍ ജില്ലകളില്‍ ഇന്ന് നിശബ്ദ പ്രചാരണം

Update: 2025-12-10 01:28 GMT

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടക്കന്‍ ജില്ലകളില്‍ ഇന്ന് നിശബ്ദ പ്രചാരണം. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് നിശബ്ദ പ്രചാരണം നടക്കുക. വ്യാഴാഴ്ചയാണ് വടക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലേക്കാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ 14 വാര്‍ഡുകളിലും കാസര്‍കോട് ജില്ലയിലെ രണ്ട് വാര്‍ഡുകളിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മറ്റാരും പത്രിക നല്‍കാതെ തെരഞ്ഞെടുക്കപ്പെട്ട 16 പേരില്‍ 15 പേരും ഇടതുമുന്നണി സ്ഥാനാര്‍ഥികളാണ്. രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 18,274 പോളിംഗ് സ്റ്റേഷനുകളില്‍ 2,055 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. കൂടുതല്‍ പ്രശ്‌ന ബാധിത ബൂത്തുകളുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 1,025 എണ്ണമാണ് കണ്ണൂരിലെ പ്രശ്‌ന ബാധിത ഗ്രൂപ്പുകള്‍.