രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

Update: 2026-01-29 01:41 GMT

തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് രാവിലെ ഒമ്പതിന് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ ബജറ്റില്‍ ഒട്ടേറെ പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയിട്ടും തനതുവരുമാനം വര്‍ധിപ്പിച്ചതിനാലാണ് കേരളം മുന്നോട്ടുപോയതെന്നും സമ്പദ് വ്യവസ്ഥയെ ശാക്തീകരിക്കാനുള്ള സമീപനമായിരിക്കും ബജറ്റിലുണ്ടാവുകയെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ലോട്ടറി, മദ്യം, മോട്ടോര്‍വാഹന നികുതി എന്നീ വരുമാനങ്ങളെ മാത്രം ആശ്രയിച്ചുള്ളതല്ല സംസ്ഥാനത്തിന്റെ സമ്പദ്ഘടന. ചെറിയ തുക സെസ് ഏര്‍പ്പെടുത്തിയതൊഴിച്ചാല്‍ അഞ്ചുവര്‍ഷമായി മദ്യത്തിന്റെ വിലകൂട്ടിയിട്ടില്ല. ലോട്ടറിയില്‍നിന്നുള്ള വരുമാനം മൂന്നുശതമാനംപോലുമില്ല. തനതുവരുമാനം ഒരുലക്ഷം കോടിയിലേറെ രൂപ വര്‍ധിപ്പിക്കാനായി. സാമ്പത്തികപ്രതിസന്ധിയില്‍ ട്രഷറി അടച്ചുപൂട്ടുമെന്ന ആശങ്ക ഉയര്‍ന്നെങ്കിലും അതുണ്ടായില്ല. അടിസ്ഥാന സൗകര്യവികസനം, തൊഴില്‍, ശാസ്ത്ര ഗവേഷണം തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ മുന്നോട്ടുപോകാനാണ് ശ്രമം. സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഉദാഹരണമാണ് വിഴിഞ്ഞം. തൊഴിലെടുക്കാന്‍പറ്റുന്ന ഇടമാണ് കേരളമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. പ്രവാസിപണം കാര്യക്ഷമമായി വിനിയോഗിക്കാനും വയോജനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ചുള്ള ക്ഷേമപദ്ധതികള്‍ക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.