കര്‍ണാടക തീരത്ത് ജിപിഎസ് ഘടിപ്പിച്ച കടല്‍കൊക്കിനെ കണ്ടെത്തി

Update: 2025-12-18 02:12 GMT

ബെംഗളൂരു: കര്‍ണാടകത്തിലെ കര്‍വാറില്‍ ജിപിഎസ് ഘടിപ്പിച്ച കടല്‍കൊക്കിനെ കണ്ടെത്തി. രബീന്ദ്രനാഥ് ടാഗോര്‍ ബീച്ചില്‍ ചൊവ്വാഴ്ചയാണ് പരിക്കേറ്റ നിലയില്‍ കൊക്കിനെ കണ്ടത്. തുടര്‍ന്ന് കോസ്റ്റല്‍ മറൈന്‍ പോലിസ് അതിനെ വനംവകുപ്പിന് കൈമാറി. അപ്പോഴാണ് ജിപിഎസ് കണ്ടെത്തിയത്. ഒരു സോളാര്‍ പാനലും ജിപിഎസിനൊപ്പമുണ്ടായിരുന്നു. കൂടാതെ പക്ഷിയെ കണ്ടെത്തുന്നവര്‍ അക്കാര്യം അറിയിക്കാന്‍ ആവശ്യപ്പെടുന്ന ഇ-മെയിലും കണ്ടെത്തി. ചൈനീസ് അക്കാദമി ഓഫ് സയന്‍സിന്റെതാണ് ഇ-മെയില്‍. വിഷയത്തില്‍ അവരുമായി പോലിസ് ബന്ധപ്പെട്ടു. കടല്‍കൊക്കുകളുടെ സഞ്ചാരരീതി പഠിക്കാനാണ് ഈ പക്ഷിയെ ഉപയോഗിച്ചതെന്നാണ് ഒരു വിലയിരുത്തല്‍. എന്നിരുന്നാലും വിഷയത്തില്‍ ഗൗരവമേറിയ അന്വേഷണമാണ് നടക്കുന്നത്. ഇന്ത്യയുടെ പ്രധാന നാവികതാവളങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കര്‍വാര്‍ എന്നതാണ് കാരണം.