ജനുവരി 30 ഗാന്ധി രക്തസാക്ഷി ദിനം:പത്തനംതിട്ടയിലെ 100 കേന്ദ്രങ്ങളില്‍ ഗോഡ്‌സെയെ തൂക്കിലേറ്റും: എസ്ഡിപിഐ
പത്തനംതിട്ട: ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30 ഭീകരവിരുദ്ധ ദിനമായി ആചരിക്കുമെന്ന് എസ്ഡിപിഐ. ''ഗാന്ധിയെ കൊന്നവര്‍ രാജ്യത്തെ കൊല്ലുന്നു''എന്ന പ്രമേയത്തില്‍ പത്തനംതിട്ട ജില്ലയിലെ 100 കേന്ദ്രങ്ങളില്‍ ഗാന്ധി ഘാതകനായ ഗോഡ്‌സെയെ തൂക്കിലേറ്റുമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ല ജനറല്‍ സെക്രട്ടറി സലീം മൗലവി അറിയിച്ചു. ബ്രാഞ്ച് തലങ്ങളില്‍ വ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കും. രാജ്യത്ത് മതേതരത്വവും ബഹുസ്വരതയും നിലനില്‍ക്കണമെന്നാണ് ഗാന്ധിജി ആഗ്രഹിച്ചത്. എന്നാല്‍ ഹിന്ദുത്വ ചിന്താധാര തലയ്ക്കുപിടിച്ച സംഘപരിവാര്‍ ഭീകരവാദികള്‍ അദ്ദേഹത്തെ വധിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇതേ ആശയം പേറുന്നവരുടെ പിന്‍മുറക്കാരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ഭരണത്തിന്റെ മറവില്‍ രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതിയും ഭരണഘടനയെ വികലമാക്കിയും മതേതരത്വത്തെ കശാപ്പു ചെയ്തും അവര്‍ ഇന്ത്യയെ കൊല്ലുകയാണ്. രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും നിലനിര്‍ത്താന്‍ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
