കടല്‍ മണല്‍ ഖനനം: 27ന് നടക്കുന്ന തീരദേശ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം: പി ആര്‍ സിയാദ്

Update: 2025-02-24 14:25 GMT

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമി സാമ്പത്തിക നയത്തിനെതിരെയും കടല്‍ മണല്‍ ഖനനത്തിന് അനുമതി നല്‍കാനുള്ള തീരുമാനത്തിനെതിരെയും മത്സ്യത്തൊഴിലാളി സംയുക്ത കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 27ന് നടത്തുന്ന തീരദേശ ഹര്‍ത്താലിന് പാര്‍ട്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്. കേരള തീരത്ത് കടലില്‍ ഖനനം നടത്തി നിര്‍മാണാവശ്യങ്ങള്‍ക്ക് മണ്ണെടുത്ത് വില്‍പന നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവാദം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ചങ്ങാത്ത മുതലാളിമാര്‍ക്കുവേണ്ടി തീരദേശത്തെ തീറെഴുതി കൊടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കോര്‍പറേറ്റുകള്‍ക്ക് മാത്രം സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ഉതകുന്ന മണല്‍ ഖനന പദ്ധതി കടലിന്റെ ജൈവ വൈവിധ്യത്തെയും ആവാസ വ്യവസ്ഥയെയും തകര്‍ക്കും. 15 ലക്ഷത്തോളം മല്‍സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗം തകര്‍ക്കുന്നതാണ് കടല്‍ ഖനനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കടലും കടല്‍ തീരവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ സാമൂഹികസാമ്പത്തിക സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കും. കടലും കടല്‍ തീരവും അതീവ പരിസ്ഥിതി ലോലപ്രദേശമാണന്നും അവിടെ നടത്തുന്ന ഏതൊരു ചെറിയ ഇടപെടല്‍ പോലും കടല്‍ പരിസ്ഥിതിയിലും കടല്‍ ജീവികളുടെ ആവാസ വ്യവസ്ഥയിലും ഗുരുതരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയനിലപാടുകള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ പോലും കഴിയാത്ത വിധം വിനീത ദാസന്മാരായി ഇടതു സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. തീരദേശ മേഖലയുടെ സംരക്ഷണത്തിനു വേണ്ടി നടത്തുന്ന ഈ പോരാട്ടത്തില്‍ എല്ലാ വിഭാഗം ജനങ്ങളും കക്ഷി രാഷ്ട്രീയത്തിനതീതമായി കൈകോര്‍ക്കണമെന്നും പി ആര്‍ സിയാദ് ആവശ്യപ്പെട്ടു.