രാംനാരായണന്‍ വധക്കേസ്: സംഘപരിവാര്‍ പ്രതികള്‍ക്കു വേണ്ടി കേസ് അട്ടിമറിച്ചതായി റോയ് അറയ്ക്കല്‍
പാലക്കാട്: വാളയാറില്‍ ബംഗ്ലാദേശി എന്ന് ആരോപിച്ച് ഒഡീഷ സ്വദേശിയായ രാംനാരായണന്‍ എന്ന തൊഴിലാളിയെ ആര്‍.എസ്.എസ് ബിജെപി പ്രവര്‍ത്തകര്‍ തല്ലിക്കൊന്ന കേസ് അട്ടിമറിച്ചതിന്റെ തെളിവാണ് പ്രതികള്‍ക്ക് വളരെ വേഗം ജാമ്യം കിട്ടിയതിലൂടെ ബോധ്യപ്പെടുത്തുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ സംഘപരിവാര്‍ ക്രിമിനലുകള്‍ പ്രതികളാകുന്ന കേസുകളില്‍ ആഭ്യന്തരവകുപ്പിന്റെ സമീപനം ഇതു തന്നെയായിരുന്നു.
ആള്‍ക്കൂട്ടക്കൊല നടന്ന ഘട്ടത്തില്‍ തന്നെ പോലീസിന്റെ മൃദുസമീപനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബവും ശക്തമായ നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വാഭാവികമായ ഒരു കൊലപാതകം എന്ന നിലയിലാണ് ഈ കേസിനെ പോലീസ് മുന്നോട്ടു കൊണ്ടുപോയത്. പരമാവധി തെളിവുകള്‍ ശേഖരിക്കുന്നതില്‍ പോലീസ് അലംഭാവം കാട്ടി. സംഭവസ്ഥലത്തേക്ക് പ്രതികളെ വിളിച്ചു വരുത്തിയവരെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായില്ല. പരിക്കേറ്റ രാംനാരായണനെ ആര്‍.എസ്.എസ് പ്രവര്‍ത്തകന് ഒപ്പമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മതിയായ ചികിത്സ ലഭിച്ചോ, സമയബന്ധിതമായി മറ്റേതെങ്കിലും ആശുപത്രികളിലേക്ക് റഫര്‍ ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിച്ചിട്ടില്ല. രാഷ്ട്രീയ പ്രേരിതമായ കേസുകളില്‍ പോലും ജാമ്യം ലഭിക്കാനുള്ള അവകാശം ഉണ്ടായിരിക്കെ പലപ്പോഴും പ്രതികാര നടപടിയോടെ നിരപരാധികളുടെ ജാമ്യം തടയാന്‍ പോലീസ് കാണിക്കുന്ന ശുഷ്‌കാന്തി ഇത്രയും ഭീകരമായ കൊലക്കേസില്‍ എന്തുകൊണ്ട് ഉണ്ടായില്ല. ഇതിന് കാരണം ആഭ്യന്തരവകുപ്പില്‍ ആര്‍എസ്എസിനുള്ള സ്വാധീനമാണ്. അതിന്റെ പരിണിതഫലമാണ് പ്രതികള്‍ക്ക് വളരെ വേഗം ജാമ്യം ലഭിച്ചിട്ടുള്ളത്. ഇത്തരംവിവേചനപരമായ നടപടികള്‍ ഉത്തരേന്ത്യയില്‍ മാത്രം കണ്ടുവന്നിട്ടുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കേരളത്തിലും വ്യാപകമായി നടപ്പിലാക്കുന്നതിന് സംഘപരിവാറിന് പ്രോത്സാഹനം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.