പത്തനംതിട്ട: സംസ്ഥാന ബജറ്റില്‍ ജില്ലയെ പൂര്‍ണ്ണമായും അവഗണിച്ചെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് പറഞ്ഞു. പേരിനുവേണ്ടി അപ്രസക്തമായ ചില പ്രഖ്യാപനങ്ങള്‍ നടത്തിയതൊഴിച്ചാല്‍ ജില്ലയുടെ വികസനത്തിന് ഉതകുന്ന പദ്ധതികളൊന്നും ബജറ്റില്‍ ഇടം നേടിയില്ല. ടൂറിസം വികസനത്തിന് വലിയ സാധ്യതകളുള്ള ജില്ലയില്‍ അത്തരം പ്രഖ്യാപനങ്ങളും ഉണ്ടായില്ല. കഴിഞ്ഞതവണത്തെ ബജറ്റില്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലായി പ്രഖ്യാപിച്ച പദ്ധതികളില്‍ ഭൂരിഭാഗവും ഇതുവരെയും നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കൊട്ടിഘോഷിച്ച പദ്ധതികളില്‍ പലതും ഫയലില്‍ ഉറങ്ങുമ്പോള്‍ ചിലത് പാതിവഴിയില്‍ മുടങ്ങി കിടക്കുകയാണ്.
അടൂര്‍ മണ്ഡലത്തിലെ കൊടുമണ്‍ കായിക വിദ്യാലയം, ആറന്മുള മണ്ഡലത്തിലെ ഐടി പാര്‍ക്ക്, തിരുവല്ല മണ്ഡലത്തിലെ പബ്ലിക് സ്‌റ്റേഡിയം, റാന്നിയിലെ നോളജ് വില്ലേജ് പദ്ധതി, കോന്നിയിലെ സ്‌റ്റേഡിയം, തേക്ക് മ്യൂസിയം, വ്യവസായ പാര്‍ക്ക് തുടങ്ങിയ വന്‍കിട പദ്ധതികളെല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഈ പദ്ധതികള്‍ക്ക് പുനര്‍ജീവന്‍ നല്‍കാനുള്ള പ്രഖ്യാപനവും പുതിയ ബജറ്റില്‍ ഉണ്ടായില്ല. തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നാടകമാണ് സംസ്ഥാന ബജറ്റെന്നും അദ്ദേഹം കുറ്റപ്പെടുത്തി.