കാസര്‍ഗോഡ്: വെള്ളിയാഴ്ച പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് ഉളിയത്തടുക്ക ടൗണ്‍ ജുമാ മസ്ജിദിന് മുന്നില്‍ ശുചിത്വ മിഷന്റെ പ്രചാരണ വാഹനം ശബ്ദകോലാഹലമുണ്ടാക്കിയതിനെ തുടര്‍ന്ന് വിശ്വാസികളും സംഘാടകരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ എസ്ഡിപിഐയെ അനാവശ്യമായി വലിച്ചിഴക്കുന്ന മാധ്യമ നിലപാടിനെതിരെ എസ്ഡിപിഐ മധൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മധൂര്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. വിശ്വാസികളുടെ പ്രാര്‍ത്ഥനയ്ക്ക് തടസ്സമുണ്ടാകുന്നരീതിയില്‍ ശബ്ദങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ പള്ളിയില്‍ ഉണ്ടായിരുന്ന വിശ്വാസികള്‍ ഇതിനെ ചോദ്യം ചെയ്യുകയും സംഘാടകരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമുണ്ടായത്. തര്‍ക്കം പിന്നീട് കൈയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് അമ്പതോളം വരുന്ന കണ്ടാലറിയാവുന്ന ആളുകള്‍ക്കെതിരെ കാസര്‍ഗോഡ് പോലിസ് കേസെടുത്തിട്ടുണ്ട്. ആരാധനാലയത്തിന് മുന്നില്‍ പ്രാര്‍ത്ഥന സമയത് ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിച്ച് വിശ്വാസികളുടെ ആരാധന തടസ്സപ്പെടുത്തിയ സംഭവത്തില്‍ പോലിസ് സ്വമേധയാ കേസെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. വിശ്വാസികളും ശുചിത്വ മിഷന്‍ സംഘാടകരും തമ്മിലുണ്ടായ തര്‍ക്കത്തെ വളച്ചൊടിച്ച് എസ്ഡിപിഐ പ്രവര്‍ത്തകരുടേതായി ചിത്രീകരിച്ചത് ചില മാധ്യമങ്ങളുടെ പ്രത്യകതാല്പര്യമാണന്നെന്നും ഇത് പൊതുസമൂഹം മനസിലാക്കണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്ഹാഖ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ശിഹാബ് മഞ്ചത്തടുക്ക, നൗമാന്‍ ഉളിയത്തടുക്ക, ബിലാല്‍ മധൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
