ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കെതിരായ സംഘപരിവാര ആക്രമണം; എസ്ഡിപിഐ പ്രതിഷേധം ഇന്ന്
തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നേരെ സംഘപരിവാരം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരായ എസ്ഡിപിഐ പ്രതിഷേധം ഇന്ന്. പാലക്കാട് ക്രിസ്മസ് കരോള്‍ സംഘത്തിനെതിരെ നടന്ന ആക്രമണവും തിരുവനന്തപുരം ആറ്റുകാല്‍ ചിന്മയ വിദ്യാലയത്തിലെ ക്രിസ്മസ് ആഘോഷം സംഘപരിവാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാറ്റിവെച്ചതും സംഘ്പരിവാര്‍ തുടര്‍ന്നുവരുന്ന അസഹിഷ്ണുതയുടെയും ദേശീയതലത്തിലെ ആസൂത്രിതമായ ന്യൂനപക്ഷ വേട്ടയുടെയും തുടര്‍ച്ചയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഭഗല്‍പൂര്‍, ജബല്‍പൂര്‍ ഹരിദ്വാര്‍ എന്നിവിടങ്ങളിലും ബജരംഗദള്‍ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു . ഒന്നാം മോദി സര്‍ക്കാരിന്റെ കാലം മുതല്‍ ഭരണകൂടത്തിന്റെ തണലില്‍ ന്യൂനപക്ഷ വേട്ട ശക്തിപ്പെട്ടത് ആഗോളതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതനിരപേക്ഷ രാജ്യമായ ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് അന്താരാഷ്ട്ര നിരീക്ഷകര്‍ തന്നെ ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. കേരളത്തില്‍ വിദ്വേഷ പ്രചാരണങ്ങള്‍ക്ക്, ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുതന്നെ കാസ പോലെയുള്ള ഗ്രൂപ്പുകളെ സൃഷ്ടിച്ച് ന്യൂനപക്ഷ വിഭാഗത്തിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ മാനസിക അകല്‍ച്ച ഉണ്ടാക്കുന്നതും ഇതേ സംഘപരിവാരമാണ്. വിദ്വേഷ പ്രചാരകരെ നിയന്ത്രിക്കുന്നതില്‍ ഇടതുപക്ഷ സര്‍ക്കാരും പരാജയപ്പെട്ടു. ഉത്തരേന്ത്യന്‍ മോഡല്‍ ആള്‍ക്കൂട്ട ആക്രമണങ്ങളും ന്യൂനപക്ഷ വേട്ടയും കേരളത്തില്‍ ആവര്‍ത്തിക്കുന്നത് കേരളത്തിന് അപമാനകരമാണ് . കേരളീയ സമൂഹം ഒറ്റക്കെട്ടായി ഇതിനെ ചെറുക്കാന്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.