എം കെ ഫൈസിയെ അറസ്റ്റ് ചെയ്തതിനെതിരെ ആലപ്പുഴയില്‍ പ്രതിഷേധം

Update: 2025-03-04 14:08 GMT

ആലപ്പുഴ: എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസിയെ ഡല്‍ഹിയില്‍ വെച്ച് ഇഡി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ നഗരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. തിരുമല ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ജനറല്‍ ഹോസ്പിറ്റല്‍ ജങ്ഷനില്‍ സമാപിച്ചു. വ്യാജ കേസുകള്‍ കെട്ടിചമച്ചുകൊണ്ട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ നിശബ്ദമാക്കാനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നതെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ റിയാസ് പറഞ്ഞു. ജനാധിപത്യ വിരുദ്ധമായ ഫാഷിസ്റ്റ് പ്രതികാര നടപടിയാണ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനെ അറസ്റ്റ് ചെയ്തതിലൂടെ വ്യക്തമായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധം ഉയര്‍ത്തി തെരുവില്‍ നില്‍ക്കുന്നു എന്നത് തന്നെയാണ് പാര്‍ട്ടിയെ വേട്ടയാടാന്‍ ഫാഷിസ്റ്റ് ഭരണകൂടം കാരണമാക്കുന്നത്. എന്തൊക്കെ വേട്ടയാടലുകള്‍ നേരിടേണ്ടി വന്നാലും സമര രാഷ്ട്രീയത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ എസ്ഡിപിഐ തയ്യാറല്ലെന്നും കെ റിയാസ് പറഞ്ഞു.

ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ പഴയങ്ങാടി, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് സുധീര്‍ പുന്നപ്ര എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം വണ്ടാനം, ജനറല്‍ സെക്രട്ടറി എം സാലിം, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളായ വി എം ഫഹദ്, ഫൈസല്‍ പഴയങ്ങാടി, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നവാസ് നൈന, അമ്പലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി നിഹാസ് റഫീഖ് എന്നിവര്‍ പ്രതിഷേധത്തിനു നേതൃത്വം നല്‍കി.