പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് അതിക്രമം തുടര്‍ക്കഥ; ജില്ലാ സെക്രട്ടറിയേറ്റ്

Update: 2025-08-06 12:59 GMT

പാലക്കാട്: എസ്ഡിപിഐ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്നത് വ്യാപകമാവുകയാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ്. ഇത്തരം നടപടികളുമായി പോലിസ് മുന്നോട്ടുപോവുകയാണെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും. ഒരു കേസിന്റെ കാര്യത്തിന് ജൂലൈ 16ന് കോടതിയില്‍ എത്തിയ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലിപ്പുറത്തിനെ അവിടെയുണ്ടായിരുന്ന സംഘപരിവാര പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. അതിന് ശേഷം കോടതി പരിസരത്തെ എസ്ഡിപിഐ പ്രവര്‍ത്തകരെ അവര്‍ ആക്രമിച്ചു. എന്നാല്‍, എസ്ഡിപിഐ പ്രവര്‍ത്തകരെ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയാണ് പോലിസ് ചെയ്തത്. പ്രവര്‍ത്തകരുടെ മൊബൈല്‍ഫോണുകള്‍ എറിഞ്ഞു തകര്‍ക്കുകയും റിമാന്‍ഡ് ചെയ്യുകയുമുണ്ടായി. 16 ദിവസത്തിന് ശേഷമാണ് അവര്‍ക്ക് ജാമ്യം ലഭിച്ചത്. പിന്നീട് ആഗസ്റ്റ് നാലിന് ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലിപ്പുറത്തിനെ അറസ്റ്റ് ചെയ്തു. പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഒറ്റപ്പാലം സ്‌റ്റേഷനിലെ എസ്‌ഐ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയും വര്‍ഗീയ താല്‍പര്യങ്ങളോടെ കേസുകള്‍ കൈകാര്യം ചെയ്യുകയുമാണ് നടക്കുന്നത്. അയാള്‍ക്ക് സംഘപരിവാര സംഘടനകളുമായി ബന്ധമുണ്ടോയെന്ന് സംശയമുണ്ട്. നിഷ്പക്ഷമായി പെരുമാറേണ്ടവര്‍ വിവേചനപരമായി പെരുമാറുന്നത് പോലിസ് സേനയ്ക്ക് തന്നെ അപമാനമാണ്. അതിനാല്‍, പോലിസിന്റെ ഇത്തരം പ്രവൃത്തികള്‍ക്കെതിരേ ശക്തമായ പ്രതിഷേധങ്ങളുമായും നിയമനടപടികളുമായും പാര്‍ട്ടി മുന്നോട്ടുപോവും. സെക്രട്ടറിയേറ്റ് യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് ശരീഫ് പട്ടാമ്പി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബഷീര്‍ മൗലവി, ബഷീര്‍ കൊമ്പം, ഖജാഞ്ചി എ വൈ കുഞ്ഞുമുഹമ്മദ്, സെക്രട്ടറി ഉമ്മര്‍ മൗലവി, ഉമ്മര്‍ അത്തിമണി സംസാരിച്ചു.