താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതകം; പോലിസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തത് നീതിയോടുള്ള വെല്ലുവിളിയെന്ന് എസ്ഡിപിഐ; പ്രതികളെല്ലാം തൃശൂരിലെ വിവിധ സ്റ്റേഷനുകളില്‍ ഡ്യൂട്ടിയില്‍
തിരൂരങ്ങാടി: മമ്പുറം സ്വദേശി താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളായ പോലിസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തത് നീതിയോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി. ഒരു വര്‍ഷം മുമ്പാണ് താനൂര്‍ പോലിസ് സ്‌റ്റേഷനില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. കസറ്റഡി കൊലപാതകം മറച്ചുപിടിക്കാനും പ്രതികളെ രക്ഷപ്പെടുത്താനും മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസും സംഘവും ശ്രമിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പോലിസുകാരുടെ അക്രമമാണ് താമിറിന്റെ മരണത്തിന് കാരണമെന്നാണ് സിബിഐ കണ്ടെത്തിയത്. എന്നിരുന്നാലും കേസില്‍ ഇതുവരെ കുറ്റപത്രം നല്‍കാന്‍ സിബിഐ തയ്യാറായിട്ടില്ല. അതിനിടെയാണ് പ്രതിയായ ജിനീഷിനെ തൃശൂരിലെ വാടാനപ്പള്ളി സ്റ്റേഷനിലും വിപിനെ ചേര്‍പ്പ് സ്റ്റേഷനിലും ആല്‍ബി അഗസ്റ്റിനെ ചാലക്കുടി സ്റ്റേഷനിലും അഭിമന്യുവിനെ വലപ്പാട് സ്റ്റേഷനിലും വിന്യസിച്ചത്. കൊലയാളികളായ പോലിസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കുന്നതിന് പകരം ഡ്യൂട്ടിക്കിടുന്നത് എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുകയെന്ന് എസ്ഡിപിഐ മണ്ഡലം കമ്മിറ്റി ചോദിച്ചു. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, സെക്രട്ടറി റിയാസ് ഗുരിക്കള്‍, ഉസ്മാന്‍ ഹാജി, കെ സിദ്ധീഖ്, വാസു തറയിലൊടി സംസാരിച്ചു.