വ്യാസ വിദ്യാപീഠം സ്‌കൂള്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം അനിവാര്യം; എസ്ഡിപിഐ

Update: 2026-01-22 14:17 GMT

പാലക്കാട്: കല്ലേക്കാട്ടെ ആര്‍എസ്എസ് നേതൃത്വത്തിലുള്ള വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം അതീവ ഗൗരവമുള്ളതും സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ സുതാര്യവും സ്വതന്ത്രവുമായ അന്യോഷണം അനിവാര്യമാണന്നും എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് ഷെഹീര്‍ ചാലിപ്പുറം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഇടങ്ങളാകേണ്ട സാഹചര്യത്തില്‍, ഒരു വിദ്യാര്‍ഥിനിയുടെ ജീവന്‍ നഷ്ടപ്പെട്ടത് ഭരണകൂടത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റിന്റെയും ഗുരുതര വീഴ്ചയാണ്. മരിച്ച വിദ്യാര്‍ഥിനിയുടെ കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതീവ ഗൗരവത്തോടെ പരിഗണിക്കപ്പെടണം.

സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡന വിവരം അറിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്ന ഹോസ്റ്റല്‍ വാര്‍ഡന്റെയും സ്‌കൂള്‍ അധികൃതരുടെ നിലപാടും കുട്ടിയുടെ ആത്മഹത്യക്ക് വഴിവെച്ചോയെന്ന് സമഗ്രമായി അന്വേഷിക്കണം. സ്‌കൂള്‍ അധികൃതര്‍ ആരോപണങ്ങള്‍ നിഷേധിക്കുന്നത് സത്യാവസ്ഥ പുറത്തു വരുന്നതില്‍ ഭയപ്പാട് കൊണ്ടാണ്. സത്യം പുറത്ത് കൊണ്ട് വരാന്‍ അന്വേഷണ ഏജന്‍സികളുമായി പൂര്‍ണമായി സഹകരിക്കണം.

ഈ വിഷയത്തില്‍ അഭ്യന്തര വകുപ്പ് നേരിട്ട് ഇടപെട്ട് സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കണം. ആഭ്യന്തര വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച്, മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തണം. കുറ്റക്കാരായി കണ്ടെത്തപ്പെടുന്നവര്‍ ആരായാലും, അവര്‍ നിയമത്തിന്റെ മുന്നില്‍ ഉത്തരവാദികളാക്കപ്പെടണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിലവിലെ സംവിധാനങ്ങള്‍ പുനഃപരിശോധിക്കണമെന്നും, ഹോസ്റ്റല്‍ വാര്‍ഡന്‍മാരുടെയും, അധ്യാപകരുടെയും ഉത്തരവാദിത്വങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഭരണകൂടം ഉറപ്പാക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണം. വിദ്യാര്‍ത്ഥിനിയുടെ വിയോഗത്തില്‍ ദുഃഖിതരായ കുടുംബത്തോടൊപ്പം എസ്ഡിപിഐ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. നീതി ലഭിക്കുന്നതുവരെ പാര്‍ട്ടി ഈ വിഷയത്തില്‍ ശക്തമായ ഇടപെടല്‍ തുടരുമെന്നും വിദ്യാര്‍ഥികളുടെ ജീവനും സുരക്ഷയും രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കുമുകളില്‍ ആണെന്ന കാര്യം സര്‍ക്കാര്‍ മനസിലാക്കണമെന്നും ഷെഹീര്‍ ചാലിപ്പുറം ആവശ്യപ്പെട്ടു.