സംഘപരിവാര്‍ ആള്‍ക്കൂട്ട അക്രമണത്തില്‍ ദലിത് യുവാവ് കൊല്ലപ്പെട്ട സംഭവം: സര്‍ക്കാര്‍ സുപ്രീം കോടതി നിര്‍ദേശം നടപ്പിലാക്കണം - പി ആര്‍ സിയാദ്

Update: 2025-12-21 06:27 GMT

തിരുവനന്തപുരം: പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് രാം നാരായന്‍ എന്ന ദലിത് യുവാവിനെ തല്ലികൊന്ന സംഘപരിവാര്‍ ക്രിമിനലുകളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ആള്‍ക്കൂട്ട കൊലപാതകത്തില്‍ സുപ്രിംകോടതി നിര്‍ദേശപ്രകാരമുള്ള അന്വേഷണം നടത്തണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ് ആവശ്യപ്പെട്ടു. വിദ്വേഷത്തിന്റെ ഭാഗമായി നടന്ന ആള്‍ക്കൂട്ട കൊലപാതകമാണിത്. ഉത്തരേന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ വിമര്‍ശിക്കുന്നവരാണ് ഇടതുപക്ഷം. ഇതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഭരിക്കുന്ന സംസ്ഥാനത്ത് നടന്ന ആള്‍ക്കൂട്ട കൊലപാതകത്തില്‍ ഗൗരവമായ നടപടി സ്വീകരിക്കണം. പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇടതു സര്‍ക്കാര്‍ ഉപേക്ഷിക്കണം. എസ്പി റാങ്കില്‍ കുറയാത്ത പോലിസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകണം അന്വേഷണം നടക്കേണ്ടത്. ബിഎന്‍എസ് 103 (1) വകുപ്പാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍, അഞ്ചോ അതിലധികമോ വ്യക്തികള്‍ ഒരുമിച്ച് നടത്തുന്ന കൊലപാതകങ്ങളില്‍ ഓരോ അംഗത്തിനും വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന വിധത്തില്‍ ബിഎന്‍എസ് 103 (2) വകുപ്പാണ് ചുമത്തേണ്ടത്. സംഘപരിവാര്‍ സ്വാധീനമുള്ള ഉദ്യോഗസ്ഥര്‍ വഴി അന്വേഷണം അട്ടിമറിക്കാന്‍ അനുവദിക്കില്ല. രാംനാരായന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. തല്ലിക്കൊലകള്‍ക്കെതിരെയും വിദ്വേഷ പ്രചരണത്തിനെതിരെയും കേരളം നിയമനിര്‍മ്മാണം നടത്തണം. സംഘപരിവാര്‍ ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.