മാടായിപ്പാറയെ മറയാക്കി ആര്‍എസ്എസ് നടത്തുന്ന വര്‍ഗീയ ധ്രുവീകരണത്തിന് പോലിസ് കൂട്ടുനില്‍ക്കുന്നു: എ പി നൂറുദ്ദീന്‍

Update: 2025-09-08 14:26 GMT

പഴയങ്ങാടി: മാടായിപ്പാറയില്‍ ജിഐഒ നടത്തിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനത്തിനെതിരെ കേസെടുത്തത് ആര്‍എസ്എസ് നടത്തുന്ന വര്‍ഗീയ ധ്രുവീകരണത്തിന് ആഭ്യന്തര വകുപ്പ് കൂട്ടുനില്‍ക്കുന്നതെന്നതിന്റെ തെളിവാണെന്ന് എസ്ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് എ പി നൂറുദ്ദീന്‍.

മാടായിപ്പാറയില്‍ നടന്ന സമാധാനപരമായ പരിപാടിയെ പോലും സമൂഹത്തില്‍ വൈരാഗ്യം വിതയ്ക്കുന്ന സംഭവമായി ചിത്രീകരിക്കാന്‍ ആര്‍എസ്എസും പോലിസും സര്‍ക്കാര്‍ സംവിധാനങ്ങളും ശ്രമിക്കുന്നത് ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണ്. പെണ്‍കുട്ടികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കള്ളക്കേസ് ഉടന്‍ പിന്‍വലിക്കണം. ഹിന്ദു വിശ്വാസ ആചാരങ്ങളെ മറയാക്കി രാഷ്ട്രീയ ലാഭത്തിന് വേണ്ടി സംഘപരിവാര്‍ സംഘടനകള്‍ വര്‍ഗീയ ധ്രുവീകരണം നടത്തി മാടായി മേഖലയില്‍ കലാപത്തിന് ശ്രമിക്കുമ്പോള്‍ പോലിസ് അതിന് കൂട്ടുനില്‍ക്കുകയാണ്.


രാജ്യത്താകമാനം ഹിന്ദുമത വിശ്വാസികളെ ഇളക്കി വിട്ട് മനുഷ്യര്‍ക്കിടയിലെ സമാധാനവും മതേതരത്വവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് നമ്മുടെ നാടിനെയും അവര്‍ക്ക് അനുകൂലമായി പാകപ്പെടുത്തനാണ് ശ്രമിക്കുന്നത്. സംഘര്‍ഷമുണ്ടാക്കുകയും വര്‍ഗീയ പരാമര്‍ശം നടത്തി പ്രകടനങ്ങള്‍ നടത്തുകയും ചെയ്ത് നാടിന്റെ സമാധാനം തകര്‍ക്കുന്ന ആര്‍എസ്എസിനെതിരെ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് നടപടി എടുക്കാന്‍ പഴയങ്ങാടി പോലിസ് ഇതുവരെ തയ്യാറായിട്ടില്ല.ഇടതുപക്ഷ നേതാക്കളും സിപിഎമ്മും ഫലസ്തീന്‍ അനുകൂല നിലപാടുകള്‍ പലപ്പോഴും വ്യക്തമാക്കിയിട്ടും പോലിസ് സ്വീകരിച്ച നടപടികള്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പും സിപിഎമ്മിന്റെ രാഷ്ട്രീയ വഞ്ചനയുമാണ് വെളിവാക്കുന്നത്.

ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്നതും ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കെതിരെ നിലകൊള്ളുന്നതും നീതി നടപ്പിലാകണമെന്നാഗ്രഹിക്കുന്നവരുടെ അടിസ്ഥാന കടമയാണ്.നീതിക്കായി നിലകൊള്ളുന്നവര്‍ക്കെതിരേ കേസെടുക്കുന്നത് സംഘപരിവാര്‍ ശക്തികള്‍ക്ക് മുന്നില്‍ ആഭ്യന്തര വകുപ്പ് കീഴടങ്ങിയതിന്റെ തെളിവാണ്. മാടായിപ്പാറയില്‍ വരുന്ന വിനോദ സഞ്ചാരികളില്‍ ഒരു വിഭാഗത്തില്‍ പെട്ടവരെ തെരഞ്ഞുപിടിച്ച് ഹിന്ദുത്വ വര്‍ഗീയവാദികള്‍ ആക്രമിക്കുന്നത് പതിവായിട്ടും ഒരു നടപടി എടുക്കാനും ഇതുവരെ പോലിസ് മുന്നോട്ട് വന്നിട്ടില്ല. അക്രമികളെ നിലയ്ക്ക് നിര്‍ത്താന്‍ പോലിസ് തയ്യാറായില്ലെങ്കില്‍ ജനങ്ങളെ സംഘടിപ്പിച്ച് എസ്ഡിപിഐ ബഹുജന പ്രതിരോധം തീര്‍ക്കുമെന്നും ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.