''ഗാന്ധിയെ കൊന്നവര്‍ രാജ്യത്തെ കൊല്ലുന്നു'': മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം ഭീകര വിരുദ്ധ ദിനമായി ആചരിക്കും- കെ കെ അബ്ദുല്‍ ജബ്ബാര്‍
തിരുവനന്തപുരം: ജനുവരി 30, മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം ഭീകര വിരുദ്ധ ദിനമായി ആചരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. ഗാന്ധിയെ കൊന്നവര്‍ രാജ്യത്തെ കൊല്ലുന്നു എന്ന പ്രമേയത്തില്‍ സംസ്ഥാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. സംഘപരിവാരം സമാധാനത്തെ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഗാന്ധി വധം. രാജ്യത്ത് സമാധാനവും സൗഹാര്‍ദ്ദവും മതേതരത്വവും നിലനില്‍ക്കണമെന്ന ഗാന്ധിജിയുടെ നിലപാടായിരുന്നു സംഘഭീകരതയുടെ കണ്ണിലെ കരടായി മാറാന്‍ വഴിയൊരുക്കിയത്.
ഗാന്ധി വധം സമാധാന കാംക്ഷികള്‍ക്കുള്ള സംഘപരിവാര ഭീഷണിയെന്ന നിലയ്ക്കു കൂടിയാണ് അവര്‍ നടപ്പാക്കിയത്. ഗാന്ധി വധം ഓരോ വര്‍ഷവും പുനരാവിഷ്‌കരിക്കുന്നു എന്നത് അവര്‍ ഇനിയും ഭീകരതയില്‍ നിന്നു പിന്മാറില്ലെന്ന മുന്നറിയിപ്പാണ്. ജനാധിപത്യത്തിന്റെ പഴുതിലൂടെ അധികാരത്തിലെത്തിയ സംഘപരിവാരം അവരുടെ എല്ലാ ആയുധങ്ങളും മൂര്‍ച്ച കൂട്ടി രാജ്യത്തിന്റെ സൈ്വര്യ ജീവിതത്തിനു ഭീഷണിയായി നിലകൊള്ളുകയാണ്. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും എല്ലാം തകര്‍ത്തെറിഞ്ഞ് കുടിലവും സങ്കുചിതവുമായ വര്‍ണവ്യവസ്ഥ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്.
സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ശത്രുക്കളായ സംഘപരിവാര ഭീകരതയ്‌ക്കെതിരേ സമാധാന കാംക്ഷികളും നമ്മുടെ ഇന്ത്യ നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരും ജാഗ്രതയോടെ ഐക്യപ്പെടാന്‍ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ പ്രതിജ്ഞ ചെയ്യണമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ അഭ്യര്‍ഥിച്ചു.