വനം വകുപ്പിന്റെ അനീതി അവസാനിപ്പിക്കണം; സര്‍ക്കാര്‍ ഇരട്ടത്താപ്പ് ജനം തിരിച്ചറിയണം: എസ്ഡിപിഐ

Update: 2025-05-16 17:05 GMT

പത്തനംതിട്ട: മലയോര മേഖലയിലെ ജനങ്ങളോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടരുന്ന അനീതി അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ നിരപരാധികളായ കര്‍ഷകരെ കസ്റ്റഡിയിലെടുത്ത് നിയമവിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിക്കുന്നത് ന്യായീകരിക്കാനാവില്ല.

കഴിഞ്ഞദിവസം കാട്ടാന ചരിഞ്ഞതുമായി ബന്ധപ്പെട്ട പാടം ഫോറസ്റ്റ് സ്‌റ്റേഷനില്‍ പ്രദേശവാസികളായ നിരവധി കര്‍ഷകരെയും തൊഴിലാളികളെയുമാണ് അന്യായമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചത്. വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും പ്രതിരോധം തീര്‍ക്കേണ്ടതിനു പകരം വനാതിര്‍ത്തിയിലുള്ള കര്‍ഷകരെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സമീപനം നീതീകരിക്കാനാവില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരണം. എന്നാല്‍, ഈ സംഭവത്തില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഫോറസ്റ്റ് ഓഫീസിലെത്തി വനം വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് മാതൃകാപരമല്ല. ഈ രാഷ്ട്രീയ നാടകത്തിന് പിന്നിലെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയണം.

കേരള വനനിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ അടുത്തിടെയാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തിയത്. യുഎപിഎ പോലെയുള്ള ജനാധിപത്യവിരുദ്ധ നിയമങ്ങള്‍ക്ക് സമാനമായ ഭേദഗതികളാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ റാങ്കില്‍ കുറയാത്ത ഏതെങ്കിലും ഫോറസ്റ്റ് ഓഫീസര്‍ക്ക് മജിസ്‌ട്രേറ്റിന്റെ ഉത്തരവില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ വനത്തില്‍ നിന്ന് ആരെയും അറസ്റ്റുചെയ്ത് തടങ്കലില്‍ വെക്കുന്നതു ഉള്‍പ്പെടെയുള്ള നിരവധി ഭേദഗതികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ കെ യു ജനീഷ് കുമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ അന്ന് മൗനം തുടരുകയാണ് ചെയ്തത്. പൊതുജനങ്ങളുടെ ഭാഗത്തുനിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ നിയമത്തില്‍ നിന്നും പിന്മാറിയത്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന ഇത്തരക്കാരുടെ കുതന്ത്രങ്ങളില്‍ ജനങ്ങള്‍ വീണുപോകരുത്.

പത്തനംതിട്ട ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും വനമേഖലയോട് ചേര്‍ന്നാണ് കിടക്കുന്നത്. ഈ പ്രദേശങ്ങളിലെല്ലാം വന്യമൃഗ ശല്യം രൂക്ഷമായിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ പോലും ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്. കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നു. ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നു. ഇവിടെയെല്ലാം വനം വകുപ്പ് ശത്രുത മനോഭാവത്തോടെയാണ് ജനങ്ങളോട് പെരുമാറുന്നത്. മനുഷ്യജീവന് വിലകല്‍പ്പിക്കാത്ത വനം വകുപ്പ് ജനങ്ങളുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്. ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്നും വനം വകുപ്പ് പിന്മാറണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം ശക്തമാക്കുമെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. സലിം മൗലവി, സുധീര്‍ കോന്നി, ഷെയ്ക്ക് നജീര്‍, സിയാദ് നിരണം, ഷാജി കോന്നി സംബന്ധിച്ചു.