എസ്ഡിപിഐ ഓഫിസുകളിലെ ഇഡി റെയ്ഡുകൾ ഭരണകൂട നിരാശയിൽ നിന്നുളവായ വിരട്ടൽ തന്ത്രം: മുഹമ്മദ് ഷഫി

Update: 2025-03-06 12:49 GMT

ന്യൂഡൽഹി: എസ്ഡിപിഐ ഓഫിസുകളിലെ ഇഡി റെയ്ഡ് രാജ്യത്തെ രാഷ്ട്രീയ പാർട്ടികളെ സ്വേച്ഛാപരമായി അടിച്ചമർത്താനുള്ള ബിജെപി സർക്കാരിൻ്റെ അജണ്ടയുടെ ഭാഗമാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷഫി പ്രസ്താവനയിൽ പറഞ്ഞു.ഇത്തരം വിരട്ടൽ തന്ത്രങ്ങൾ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിൻ്റെ നിരാശയിൽ നിന്നുളവാകുന്നതാണ്. രാജ്യത്ത് വളർന്നു വരുന്ന അരാജക ചുറ്റുപാടുകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഒരു ഉപായം മാത്രമാണിത്. തങ്ങൾ ശിക്ഷിക്കപ്പെടില്ലെന്ന ഉറച്ച ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ഫാഷിസ്റ്റ് ശക്തികൾ രാജ്യത്തെ അരാജകാവസ്ഥയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യത്തിൻ്റെ ക്ഷേമവും പുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന എസ്ഡിപിഐ പ്രക്ഷോഭ-പ്രചാരണങ്ങളിലൂടെ ബിജെപി സർക്കാരിൻ്റെ ജനവിരുദ്ധവും നിഷ്ഠുരവുമായ നയങ്ങൾക്കെതിരേ ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ വിറളിപൂണ്ട ഭരണകൂടം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തുടരുന്ന വഞ്ചനാപരമായ നീക്കങ്ങളുടെ തെളിവുകളാണ് റെയ്ഡുകളിലൂടെയും അറസ്റ്റുകളിലൂടെയും വ്യാജ ആരോപണങ്ങൾ ഉയർത്തിയും പീഡന നടപടികളിലൂടെയും കാണാനാവുന്നത്.

പാർട്ടി ഓഫിസുകളിൽ ഇഡി നടത്തിയ റെയ്ഡുകളിൽ എസ്ഡിപിഐ ശക്തമായി അപലപിക്കുന്നതോടൊപ്പം ജനാധിപത്യവിരുദ്ധവും നിഷ്ഠുരവുമായ ഭരണകൂട നീക്കങ്ങൾക്കെതിരേ പൊരുതുമെന്നും ഷഫി കൂട്ടിച്ചേർത്തു.