ഡോ. ഹാരിസിനെ കുടുക്കാന്‍ ആരോഗ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ആസൂത്രിത നീക്കം പ്രതിഷേധാര്‍ഹം: തുളസീധരന്‍ പള്ളിക്കല്‍

Update: 2025-08-01 11:42 GMT

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ പ്രതിസന്ധി തുറന്നുപറഞ്ഞ ഡോക്ടര്‍ ഹാരിസ് ചിറയ്ക്കലിനെ കുടുക്കാന്‍ കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കി ആസൂത്രിത നീക്കം നടത്തുന്ന ആരോഗ്യമന്ത്രിയുടെയും വകുപ്പിന്റെയും നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോര്‍ട്ടിലെ വാദം പൊളിഞ്ഞതോടെ പുതിയ ആരോപണവുമായി മന്ത്രി വീണാ ജോര്‍ജ് തന്നെ രംഗത്തെത്തിയത് പരിഹാസ്യമാണ്. മെഡിക്കല്‍ കോളജിലേക്ക് ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് താന്‍ അയച്ച കത്ത് ഡോ. ഹാരിസ് ചിറക്കല്‍ പുറത്തുവിട്ടതോടെ ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് അന്വേഷണ സംഘവും ഇളിഭ്യരായിരിക്കുകയാണ്. മാര്‍ച്ച് മാസത്തിലും ജൂണ്‍ മാസത്തിലും ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് സൂപ്രണ്ടിന് നല്‍കിയ കത്താണ് ഡോക്ടര്‍ പുറത്തുവിട്ടത്. നോട്ടീസിന് മറുപടി നല്‍കാനുള്ള കത്ത് അടിക്കാനുള്ള പേപ്പര്‍ പോലുമില്ലെന്ന ഡോക്ടര്‍ ഹാരിസിന്റെ പ്രതികരണം ആരോഗ്യമേഖലയിലെ അനാഥത്വത്തെ തുറന്നു കാണിക്കുന്നതാണ്. ജൂണ്‍ 27 നാണ് ഉപകരണ ക്ഷാമം ചൂണ്ടിക്കാണിച്ച് ഡോക്ടര്‍ ഫേസ് ബുക് പോസ്റ്റ് ഇട്ടത്. തൊട്ടടുത്ത ദിവസം, അതായത് ജൂണ്‍ 28 നാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഈ നുണക്കഥ പൊളിഞ്ഞതോടെ 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഒസിലോസ് സ്‌കോപ്പ് എന്ന ഉപകരണം യൂറോളജി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നു കാണാതായെന്ന അടുത്ത ആരോപണവുമായി മന്ത്രി തന്നെ രംഗത്തുവന്നിരിക്കുകയാണ്. ഡോ. ഹാരിസ് ചിറയ്ക്കല്‍ യൂറോളജി വകുപ്പ് മേധാവിയായിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടില്ല. ഇതോടെ ഡോ.ഹാരിസിനെതിരായ ആരോഗ്യമന്ത്രിയുടെ വാദം പൊളിഞ്ഞിരിക്കുകയാണ്.

ശിശുക്കളുടെ ജീവന്‍ രക്ഷിക്കാന്‍ ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കിയ ഡോ.കഫീല്‍ ഖാനെ വേട്ടയാടിയ യുപിയിലെ യോഗി സര്‍ക്കാരിനെ അനുസ്മരിപ്പിക്കുന്ന നടപടികളാണ് ഇടതു സര്‍ക്കാരും പിന്‍തുടരുന്നത്. പൊതുജനാരോഗ്യം ലക്ഷ്യം വെച്ച് യാഥാര്‍ഥ്യം വിളിച്ചു പറഞ്ഞ ഡോക്ടറെ അകാരണമായി ക്രൂശിക്കാനും പ്രതികരിക്കുന്നവരെ നിശബ്ദരാക്കാനും നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേ കേരളീയ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും തുളസീധരന്‍ പള്ളിക്കല്‍ അഭ്യര്‍ഥിച്ചു.