മദ്യ-മയക്കുമരുന്ന്-ലോട്ടറി മാഫിയകളാണ് പിണറായി സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്:എസ്ഡിപിഐ

Update: 2025-01-24 15:35 GMT

പാലക്കാട്: മദ്യ-മയക്കുമരുന്ന്-ലോട്ടറി മാഫിയകളാണ് പിണറായി സര്‍ക്കാരിനെ നിയന്ത്രിക്കന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജന.സെക്രട്ടറി റോയ് അറക്കല്‍. പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി യൂണിറ്റിന് അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കലക്ട്രേറ്റിന് മുന്നില്‍ എസ്ഡി പിഐ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യവും മയക്ക് മരുന്നും ചൂതാട്ടവും പ്രോത്സാഹിപ്പിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നത്. ഓരോ സമയത്തും ഇവര്‍ക്ക് സഹായകമാകുന്ന നിലപാടുകള്‍ പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നു. കുടിവെള്ളത്തിന് പകരം വേണ്ടുവോളം മദ്യമാണ് കേരളത്തില്‍ ഒഴുക്കുന്നത്. എന്തു വില കൊടുത്തും ബ്രൂവറി യൂണിറ്റ് നടപ്പിലാക്കുമെന്നാണ് പിണറായിയും മന്ത്രിമാരും പറയുന്നത്. മദ്യ രാജാക്കന്മാരും സുര്‍ണ്ണക്കടത്തുകാരും ലഹരി മരുന്ന് മാഫിയകളുമടങ്ങുന്ന അഴിമതിക്കാരും കൊള്ളക്കാരുമാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡണ്ട് ഷെഹീര്‍ ചാലിപ്പുറം അധ്യക്ഷത വഹിച്ചു. ജില്ലാ വൈ. പ്രസിഡണ്ട് ഷെരീഫ് പട്ടാമ്പി സ്വാഗതവും ജില്ലാ ട്രഷറര്‍ എ വൈ കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു. വിവരാവകാശ പ്രവര്‍ത്തകന്‍ നിജാമുദ്ദീന്‍ മുതലമട, മനുഷ്യവകാശ പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടി, പട്ടികജാതി പട്ടികവര്‍ഗ്ഗ സംരക്ഷണ മുന്നണി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ മായാണ്ടി, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കാര്‍ത്തികേയന്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സമിതിയംഗം ബാബിയ ടീച്ചര്‍ സംസാരിച്ചു.