അസം കുടിയൊഴിപ്പിക്കല്‍: വംശവെറിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും- എസ്ഡിപിഐ

Update: 2025-07-18 08:26 GMT

തിരുവനന്തപുരം: അസമിലെ തദ്ദേശീയരായ താമസക്കാരെ കുടിയൊഴിപ്പിക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ വംശീയ ഉന്മൂലന നയങ്ങള്‍ക്കെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്. ദേശവ്യാപകമായി പാര്‍ട്ടി ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്തും പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതുവരെ 1080 കുടുംബങ്ങളെയാണ് കുടിയിറക്കിയിരിക്കുന്നത്. പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു. ദുര്‍ബലരായ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ 5,000-ത്തിലധികം ആളുകള്‍ താല്‍ക്കാലിക കൂടാരങ്ങളില്‍ അന്നവും അഭയവുമില്ലാതെ കഴിയുന്നു. ഇവര്‍ക്ക് വൈദ്യസഹായം പോലും ലഭിക്കുന്നില്ല. ബംഗാളി സംസാരിക്കുന്ന മുസ്‌ലിം ന്യൂനപക്ഷങ്ങളെ വേട്ടയാടുകയെന്ന ഒറ്റ ലക്ഷ്യം മത്രമാണ് ഈ ക്രൂരമായ കുടിയൊഴിപ്പിക്കലിനു പിന്നില്‍. താമസക്കാരാകട്ടെ ഈ പ്രദേശം റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പേ ഇവിടെ അധിവസിക്കുന്നവരാണ്. കുടിയൊഴിപ്പിക്കലിനു മുമ്പ് സുരക്ഷിത സ്ഥലങ്ങളിലേക്ക് താമസം മാറ്റുന്നതിന് ആവശ്യമായ സമയമോ സൗകര്യമോ ചെയ്തില്ല എന്നതും അവരുടെ ദുഷ്ടലാക്ക് വ്യക്തമാക്കുന്നു. ഫാഷിസ്റ്റ് ഭരണത്തില്‍ രാജ്യത്തെ പൗരന്മാരെ മതാടിസ്ഥാനത്തില്‍ യാതൊരു പൗരാവകാശങ്ങളുമില്ലാത്തവരാക്കി മാറ്റുന്നതിന്റെ നേര്‍ക്കാഴ്ചകളാണ് അസമില്‍ കാണുന്നത്. മനുഷ്യത്വവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഭരണകൂട ഭീകരതകള്‍ക്കെതിരേ പ്രതിഷേധിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ സാമൂഹിക ബാധ്യതയാണ്.


അസമിലെ ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വംശീയ ഉന്മൂലന നടപടികള്‍ക്കെതിരേ സംസ്ഥാനത്ത് പഞ്ചായത്ത്, ബ്രാഞ്ച് തലങ്ങളില്‍ പ്രതിഷേധ റാലികളുള്‍പ്പെടെ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പി ആര്‍ സിയാദ് അറിയിച്ചു.