ഇഡി റെയ്ഡ്; വഖ്ഫ് സംരക്ഷണ സമ്മേളനങ്ങള്‍ നടത്തിയതിലുള്ള പകപോക്കല്‍: അന്‍വര്‍ പഴഞ്ഞി

Update: 2025-03-06 13:24 GMT

മലപ്പുറം: വഖ്ഫ് സംരക്ഷണ സമ്മേളനങ്ങള്‍ നടത്തിയതിന്റെ പകപോക്കലായാണ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഇഡി റെയ്ഡ് നടത്തിയതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി പറഞ്ഞു. ഇഡിയുടെ അന്യായ റെയ്ഡില്‍ പ്രതിഷേധിച്ചു എസ്ഡിപിഐ പ്രവര്‍ത്തകര്‍ മലപ്പുറത്ത് നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കൂര്‍ ആയി അറിയിക്കാതെയും നോട്ടിസ് നല്‍കാതെയുമാണ് ഓഫിസ് റെയ്ഡ് ചെയ്തത്. മണിക്കൂറുകള്‍ ഓഫിസില്‍ ചെലവഴിച്ചിട്ടും ഇഡിക്ക് ഒന്നും ലഭിച്ചില്ല. രാവിലെ 10.30ന് ആരംഭിച്ച റെയ്ഡ് ഉച്ചക്ക് 2.30 വരെ നീണ്ടു. നേരത്തെ പലതവണ ശ്രമിച്ചിട്ടും എങ്ങുമെത്താത്ത കേസിലാണ് പാര്‍ട്ടി ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ഫാഷിസ്റ്റ് ഭരണകൂടവേട്ടയുടെ തുടര്‍ച്ചയാണ്. വിയോജിപ്പുകളെയും പ്രതിപക്ഷ ശബ്ദങ്ങളെയും അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. ഇത് തെരുവുകളെ പ്രക്ഷുബ്ദമാക്കുമെന്നും ഭരണകൂടവേട്ടകളെ ചെറുത്തുതോല്‍പ്പിക്കാന്‍ കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍, ഇര്‍ഷാദ് മൊറയൂര്‍, പി കെ സുജീര്‍, ഹംസ തലകാപ്പ്, സിപി നസറുദ്ദീന്‍, യൂനുസ് വെന്തോടി, അഡ്വ. എ എ റഹീം, അക്ബര്‍ മോങ്ങം എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.