താനെയിലെ പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന ഹിന്ദുത്വ പ്രചാരണത്തിനെതിരെ എസ്ഡിപിഐ

Update: 2025-08-05 16:26 GMT

മുംബ്ര: താനെയിലെ മസ്ജിദുകളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന ഹിന്ദുത്വ പ്രചരണത്തിനെതിരേ ബഹുജന പ്രതിഷേധവുമായി എസ്ഡിപിഐ. ദാറുല്‍ ഫലാഹ് പള്ളിക്ക് സമീപം ബഹുജന ഒപ്പിടല്‍ കാംപയിന്‍ നടത്തി. ആയിരക്കണക്കിന് പേരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. പള്ളികളില്‍ നിന്നും ഉച്ചഭാഷിണികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുന്‍ എംപി കിരിത് സൗമ്യ കഴിഞ്ഞ ദിവസം താനെയില്‍ എത്തിയിരുന്നു. പോലിസ് ഉദ്യോഗസ്ഥരുമായും അയാള്‍ സംസാരിച്ചു. ഇതിനെ തുടര്‍ന്നാണ് എസ്ഡിപിഐ പ്രതിഷേധവുമായി എത്തിയത്.

കിരിത് സൗമ്യയുടെ പ്രചാരണം ശബ്ദ മലിനീകരണത്തെ കുറിച്ചുള്ളതല്ലെന്ന് എസ്ഡിപിഐ നേതാവ് മുഹമ്മദ് തന്‍വീര്‍ ഖാന്‍ പറഞ്ഞു. '' മുസ്‌ലിംകള്‍ക്കും അവരുടെ മതപരമായ അവകാശങ്ങള്‍ക്കും എതിരായ ലക്ഷ്യം വച്ചുള്ള പ്രചാരണമാണിത്. കിരിത് സൗമ്യ പോവുന്നിടത്തെല്ലാം സംഘര്‍ഷം സൃഷ്ടിക്കുന്നു. മഹാരാഷ്ട്രയിലെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ അയാള്‍ ആഗ്രഹിക്കുന്നു.''- മുഹമ്മദ് തന്‍വീര്‍ ഖാന്‍ പറഞ്ഞു.