തിരുവനന്തപുരം: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ പേരിലുള്ള ഔദ്യോഗിക ഫേസ്ബുക്ക് പേജ് തടസപ്പെടുത്തിയ നടപടി ഭീരുത്വവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സംസ്ഥാന സെക്രട്ടറി എം എം താഹിര്‍. മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കിരാതമായ ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. സോഷ്യല്‍ ഡെമോക്രസി എന്ന ആശയ അടിത്തറയില്‍ നിന്നുകൊണ്ട് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുകള്‍ പ്രഖ്യാപിച്ചിരുന്ന പേജ് തടസ്സപ്പെടുത്തിയതിന് പിന്നില്‍ ഭരണകൂടത്തിന്റെ ഇടപെടലുകള്‍ ഉണ്ട് എന്നറിയാം. സത്യം പറയുന്ന നാവുകള്‍ എക്കാലവും പിഴുതെറിയപ്പെട്ടിട്ടുണ്ട്. എന്നാല്‍, സത്യത്തെ കുഴിച്ചുമൂടാന്‍ ഒരു ശക്തികള്‍ക്കും സാധിച്ചിട്ടില്ല. ചങ്ങാത്ത മുതലാളിത്തം അന്താരാഷ്ട്ര തലത്തില്‍ തന്നെ മാധ്യമ ലോകത്ത് പിടിമുറുക്കിയ കാലത്ത് സാമൂഹ്യ മാധ്യമങ്ങളാണ് സത്യത്തിന്റെ ജിഹ്വകളായി മാറിയിട്ടുള്ളത്. സാമ്രാജ്യത്വ സയണിസ്റ്റ് ഹിന്ദുത്വ അച്ചുതണ്ടിന്റെ ആക്രമണങ്ങളില്‍ ഞെരിഞ്ഞമരുന്ന അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദം, കുഴിച്ചുമൂടിയ സത്യങ്ങള്‍, കെട്ടിച്ചമക്കപ്പെട്ട പെരും നുണകള്‍ , ഇവകളെയെല്ലാം അതിജീവിച്ചത് സാമൂഹ്യ മാധ്യമങ്ങളുടെ വിപ്ലവമാണ്. എന്നാല്‍, നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വഴങ്ങി ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് രാജ്യത്തെ ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ താല്പര്യത്തിന് വേണ്ടിയാണെന്ന് അറിയാം. ഔദ്യോഗികവും അനൗദ്യോഗികമായ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ നിരന്തരം വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്ന ഹിന്ദുത്വ ഫാഷിസത്തിന്റെ നടപടികളെ കണ്ടില്ലെന്ന് നടിക്കുന്ന മെറ്റ ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ട് ആശയപ്രചാരണം നടത്തുന്ന സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ നടത്തുന്ന ഈ നടപടി അപഹാസ്യവും വിവേചനപരവുമാണ്. എസ്ഡിപിഐയുടെ ആശയാദര്‍ശങ്ങള്‍ നവമാധ്യമങ്ങള്‍ വഴി ജനങ്ങളിലേക്ക് എത്താതിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണിത്. സംഘപരിവാര്‍ വിദ്വേഷ പ്രചാരണങ്ങളെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുറന്നുകാട്ടുന്നതും ഇത്തരമൊരു നടപടിക്ക് മെറ്റയെ നിര്‍ബന്ധിതരാക്കി എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. വിലക്കുകളും വിലങ്ങുകളും അതിജീവിച്ചുകൊണ്ട് സത്യത്തിന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍ ഇനിയും മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.