''സ്വാതന്ത്ര്യം ജന്മാവകാശമാണ്'' ആഗസ്ത് 15 ന് ആസാദി സ്‌ക്വയര്‍ സംഘടിപ്പിക്കും- അന്‍സാരി ഏനാത്ത്

Update: 2025-08-08 14:54 GMT

തിരുവനന്തപുരം: രാജ്യത്തിന്റെ 79 ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രാദേശിക തലങ്ങളില്‍ സ്വാതന്ത്ര്യം ജന്മാവകാശമാണ് എന്ന സന്ദേശമുയര്‍ത്തി ആസാദി സ്‌ക്വയറുകള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്. ദേശീയ പതാക ഉയര്‍ത്തല്‍, ക്വിസ് മല്‍സരം, കുട്ടികളുടെ പ്രസംഗം മല്‍സരം, സംഗമങ്ങള്‍, കോര്‍ണര്‍ മീറ്റ് തുടങ്ങി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കും.

സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരാകേണ്ട ഭരണകൂടം തന്നെ പൗരസ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും അതിന്റെ മൗലീകമായ തത്വങ്ങളും തമസ്‌കരിക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്യുകയാണ്. ആഭ്യന്തര സുരക്ഷ അപകടപ്പെടുത്തുന്ന തരത്തില്‍ അധികാര കേന്ദ്രങ്ങളുടെ പിന്തുണയോടെ അക്രമികള്‍ അഴിഞ്ഞാടുന്നു. രാജ്യാതിര്‍ത്തി കടന്നുവരുന്ന വൈദേശിക നീക്കങ്ങളും നമ്മുടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. മതാടിസ്ഥാനത്തില്‍ പൗരാവകാശങ്ങളും നീതിയും നിഷേധിക്കപ്പെടുന്ന ദു:ഖകരമായ സാഹചര്യം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. തുല്യാവകാശവും തുല്യനീതിയും തുല്യ അവസരവും എന്നത് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. സ്ത്രീ സുരക്ഷ അപകടത്തിലായിരിക്കുന്നു. ന്യൂനപക്ഷ സമൂഹങ്ങള്‍ക്കെതിരായ വേട്ട വ്യാപകമാവുകയാണ്.

അതോടൊപ്പം സാമ്പത്തിക സാഹചര്യങ്ങളും ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നു. തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിലക്കയറ്റം, സാമ്പത്തിക അസമത്വങ്ങള്‍ വര്‍ധിക്കുന്നു. രാജ്യഭൂരിപക്ഷത്തിന്റെ ജീവിത നിലവാരം അനുദിനം തകരുകയാണ്. വിദ്വേഷ പ്രചാരണങ്ങളിലും സാമൂഹിക വിഭജനത്തിലും മാത്രമാണ് ഭരണകൂടങ്ങളുടെ ശ്രദ്ധ. സ്വാതന്ത്ര്യം ലഭിച്ച് എട്ടു പതിറ്റാണ്ടോടടുക്കുമ്പോള്‍ സ്ഥിതി ദയനീയമായിരിക്കുന്നു. നമ്മുടെ പൂര്‍വ പിതാക്കള്‍ ത്യാഗോജ്ജ്വലമായ സമരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. അതിനായി ഭരണഘടനയും ജനാധിപത്യവും മുറുകെ പിടിച്ച് ഐക്യത്തോടെ മുന്നേറാന്‍ നാം തയ്യാറാവണമെന്നും ഈ ലക്ഷ്യത്തിലേക്കാണ് ആസാദി സ്‌ക്വയറുകള്‍ സംഘടിപ്പിക്കുന്നതെന്നും അന്‍സാരി ഏനാത്ത് കൂട്ടിച്ചേര്‍ത്തു.