ആവര്‍ത്തിക്കുന്ന വിദ്വേഷ പ്രസ്താവനകള്‍: പി സി ജോര്‍ജിനെതിരേ ഡിജിപിക്ക് പരാതി നല്‍കി എസ്ഡിപിഐ
തിരുവനന്തപുരം: വംശീയ പ്രസ്താവനകള്‍ നിരന്തരം ആവര്‍ത്തിച്ച് സാമൂഹിക സംഘര്‍ഷങ്ങള്‍ക്കും വര്‍ഗീയ കലാപങ്ങള്‍ക്കും ശ്രമിക്കുന്ന ബിജെപി നേതാവ് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അഷ്‌റഫ് പ്രാവച്ചമ്പലം സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കി.
സമാനമായ കേസില്‍ ഹൈക്കോടതി വളരെ രൂക്ഷമായ ഭാഷയില്‍ ജോര്‍ജിനെ വിമര്‍ശിച്ചിരുന്നു. അറസ്റ്റിലായ ജോര്‍ജ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ശനമായ ഉപാധികളോടെ ജാമ്യം നേടുകയായിരുന്നു. എന്നാല്‍
ജാമ്യവ്യവസ്ഥ ലംഘിച്ച് ജോര്‍ജ് വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയിരിക്കുകയാണ്. കോട്ടയം മീനച്ചില്‍ താലൂക്കില്‍ 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു എന്ന അടിസ്ഥാനരഹിതമായ വിദ്വേഷ പ്രസ്താവനയാണ് 2025 മാര്‍ച്ച് 10ന് പാലായില്‍ നടന്ന ലഹരി വിരുദ്ധ സമ്മേളത്തില്‍ നടത്തിയിരിക്കുന്നത്. ലൗ ജിഹാദ് എന്നത് ഇല്ലാത്ത ഒന്നാണ് എന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ അഭ്യന്തരമന്ത്രി വിശദീകരിച്ചതും ബഹുമാനപ്പെട്ട കേരള ഹൈക്കോടതി തള്ളിക്കളഞ്ഞതുമാണ്. ഇതാണ് യാഥാര്‍ത്ഥ്യം എന്നിരിക്കെ പ്രതി ലൗ ജിഹാദ് പ്രയോകം വീണ്ടും ആവര്‍ത്തിച്ച് മുസ്‌ലിം സമൂഹത്തെ ബോധപൂര്‍വ്വം ഉന്നംവെച്ച് പ്രസ്താവന നടത്തുകയാണ്. കൂടാതെ പ്രലോഭനത്തിന് വിധേയരാകുന്നവരാണ് ക്രിസ്ത്യന്‍-ഹിന്ദു യുവതികള്‍ എന്ന നിലയില്‍ പൊതു സമൂഹത്തിന് മുന്നില്‍ അവരെ അവഹേളിച്ചിരിക്കുകയുമാണ്. മതസ്പര്‍ധ വളര്‍ത്താനുതകുന്ന പ്രതിയുടെ പ്രസംഗത്തിനെതിരെ കേസ് എടുക്കണം. നിലവിലുള്ള ജാമ്യം റദ്ദാക്കാന്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.