തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ മുന്നേറ്റം വിശദീകരിക്കാന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ. രക്തസാക്ഷി കെ എസ് ഷാന്‍ അനുസ്മരണം എന്ന പേരിലാണ് പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തക കണ്‍വന്‍ഷനും കുടുംബ സംഗമങ്ങളും നടത്തുന്നത്. ഒരു മുന്നണികളുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് മല്‍സരിച്ച് 102 സീറ്റ് നേടാന്‍ കഴിഞ്ഞ ആത്മ വിശ്വാസത്തിലാണ് പാര്‍ട്ടി. പാര്‍ട്ടി ചിഹ്നത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ 87ഉം സ്വതന്ത്ര ചിഹ്നത്തില്‍ നാലും പാര്‍ട്ടി ചിഹ്നത്തില്‍ നഗരസഭകളില്‍ ഏഴും സ്വതന്ത്ര ചിഹ്നത്തില്‍ ഒന്നും കോര്‍പറേഷനുകളില്‍ രണ്ടും ബ്ലോക്കുകളില്‍ ഒരു സീറ്റും നേടാനായി.
ഇത്തവണ സംസ്ഥാനത്ത് 2,80710 വോട്ടുകളാണ് ലഭിച്ചത്. ഇതോടെ പാര്‍ട്ടിയുടെ വോട്ടുവിഹിതവും വര്‍ധിച്ചു. 2020ലെ തിരഞ്ഞെടുപ്പില്‍ 360 വാര്‍ഡുകളില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചെങ്കില്‍ ഇത്തവണ അത് 532 ആയി ഉയര്‍ന്നു. 252 ഇടങ്ങളിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഇതില്‍ 12 വാര്‍ഡുകളില്‍ പത്തില്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 45 വാര്‍ഡുകളില്‍ അമ്പതില്‍ താഴെ വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 319 വാര്‍ഡുകളില്‍ 50നും 100നും മുകളില്‍ വോട്ട് നേടി ജയപരാജയം നിര്‍ണയിച്ചു.
ഇത്തവണ ആദ്യമായി 34 തദ്ദേശസ്ഥാപനങ്ങളില്‍ അക്കൗണ്ട് തുറന്നു. കണ്ണൂര്‍ കോര്‍പേറഷന്‍, തലശ്ശേരി, പൊന്നാനി, ഇരിട്ടി നഗരസഭകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത്, അഴിയൂര്‍ ഗ്രാമപഞ്ചായത്ത്, ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത്, കങ്ങഴ ഗ്രാമപഞ്ചായത്ത്, പാറത്തോട് ഗ്രാമപഞ്ചായത്ത്, കൊറ്റങ്കര ഗ്രാമപഞ്ചായത്ത്, വെമ്പായം ഗ്രാമപഞ്ചായത്ത്, ബാലരാമപുരം ഗ്രാമപഞ്ചായത്ത്, ആലപ്പുഴ നഗരസഭ, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്, അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്, താമരക്കുളം ഗ്രാമപഞ്ചായത്ത്, വള്ളികുന്നം ഗ്രാമപഞ്ചായത്ത്, പാങ്ങോട് ഗ്രാമപഞ്ചായത്ത് തുടങ്ങിയ പതിനാറ് തദ്ദേശസ്ഥാപനങ്ങള്‍ ആരു ഭരിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനം നിര്‍ണായകമാണ്. ഒരു മുന്നണികളുടെയും ഭാഗമാവാത്ത പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ജനപ്രതിനിധികള്‍ ഉള്ള പാര്‍ട്ടി എസ്ഡിപിഐയാണ്.
ഡിസംബര്‍ 18നാണ് കെ എസ് ഷാന്‍ രക്തസാക്ഷി ദിനം. 18 മുതല്‍ 30 വരെയാണ് കണ്‍വന്‍ഷന്‍ നടക്കുക. ജനുവരിയില്‍ പാര്‍ട്ടി ഫണ്ട് ശേഖരണവും നടക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യുന്നതിനായി ഡിസംബര്‍ 20ന് തൃശ്ശൂര്‍ പേള്‍ റീജന്‍സിയില്‍ വച്ച് പ്രവര്‍ത്തക സമിതി യോഗം നടക്കുന്നുണ്ട്. ഈ യോഗത്തില്‍ ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരും പങ്കെടുക്കും.
