ഗസയിലെ വംശഹത്യ: ഇസ്രായേലിനെ ബഹിഷ്‌കരിക്കുന്നത് പരിഗണനയിലെന്ന് സ്‌കോട്ട്‌ലാന്‍ഡ്
എഡിന്‍ബര്‍ഗ്: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിനെ ബഹിഷ്‌ക്കരിക്കുന്ന കാര്യം പരിഗണനയിലെന്ന് സ്‌കോട്ട്‌ലാന്‍ഡ് സര്‍ക്കാര്‍. ബഹിഷ്‌കരണം, നിക്ഷേപം പിന്‍വലിക്കല്‍, ഉപരോധം(ബിഡിഎസ്) എന്നീ കാര്യങ്ങള്‍ ചെയ്യുന്നതാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് ഗ്രീന്‍ പാര്‍ട്ടി നേതാവ് റോസ് ഗ്രീര്‍ പറഞ്ഞു. വര്‍ണവിവേചന ഭരണകൂടം നിലനിന്നിരുന്ന സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഏര്‍പ്പെടുത്തിയ ബിഡിഎസ് മാതൃകയില്‍ ഇസ്രായേലിനെതിരേ നടപടി സ്വീകരിക്കാനാണ് തീരുമാനം. ഗസയില്‍ വംശഹത്യ നടക്കുന്നതായി സ്‌കോട്ട്‌ലാന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ ജോണ്‍ സ്വിന്നി നേരത്തെ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഗ്രീന്‍ പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
സ്‌കോട്ട്‌ലാന്‍ഡിലെ വ്യവസായികള്‍ ഇസ്രായേലുമായി ബിസിനസ് ചെയ്യരുത്, ഇസ്രായേലിന് ആയുധം നല്‍കരുത്, ഇസ്രായേലുമായി ബന്ധമുള്ള കമ്പനികളില്‍ പെന്‍ഷന്‍ ഫണ്ട് നിക്ഷേപിക്കരുത് തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനാണ് പ്രാഥമിക ധാരണ. സ്‌കോട്ട്‌ലാന്‍ഡിന്റെ വിദേശ നയത്തിന്റെ വലിയൊരുഭാഗം തീരുമാനിക്കുന്നത് യുകെയാണെങ്കിലും വിഷയത്തില്‍ സ്‌കോട്ട്‌ലാന്‍ഡിന് ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന് റോസ് ഗ്രീര്‍ പറഞ്ഞു.