സ്‌കൂള്‍ സമയമാറ്റം: മതസംഘടനകളുമായുള്ള സര്‍ക്കാര്‍ ചര്‍ച്ച വെള്ളിയാഴ്ച

Update: 2025-07-24 13:38 GMT

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് മതസംഘടനകളും സര്‍ക്കാരുമായുള്ള ചര്‍ച്ച വെള്ളിയാഴ്ച. വൈകീട്ട് നാലരയ്ക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ചേംബറിലാണ് ചര്‍ച്ച. മദ്‌റസാ വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. സമസ്ത ഏകോപന സമതിയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിക്കും. സമസ്തയടക്കം വിവിധ സംഘടനകള്‍ സ്‌കൂള്‍ സമയമാറ്റത്തെ ശക്തമായി എതിര്‍ത്തിരുന്നു. സമരപ്രഖ്യാപനം ഉള്‍പ്പെടെ ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറായത്.

സ്‌കൂള്‍സമയം മാറ്റുന്നത് മദ്‌റസാ വിദ്യാഭ്യാസത്തിന് തടസ്സമാകുമെന്നായിരുന്നു സമസ്ത നേതാക്കള്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് സമയമാറ്റമെന്ന തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിന്നോട്ടില്ല എന്ന നിലപാടായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സ്വീകരിച്ചിരുന്നത്. പിന്നീട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുമായി സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ സ്‌കൂള്‍മാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നിരുന്നു.