വഖ്‌ഫ് ഭേദഗതി നിയമം: ഹരജികള്‍ മേയ് 15ന് ജസ്‌റ്റിസ് ഗവായ് പരിഗണിക്കും
ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്‌ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിക്കെതിരായ ഹരജികള്‍ അടുത്ത ചീഫ്‌ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ഇന്ന് ഹരജികള്‍ പരിഗണിച്ചപ്പോള്‍ നിലവിലെ ചീഫ്‌ജസ്റ്റിസ് സഞ്‌ജീവ് ഖന്നയാണ് ഇക്കാര്യം അറിയിച്ചത്. മേയ് 13ന് സഞ്‌ജീവ് ഖന്ന വിരമിക്കും.
വഖ്‌ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ ഇന്ന് സുപ്രിംകോടതിയില്‍ നടന്നത് (സമ്പൂര്‍ണവാദം-05-05-2025)
ചീഫ്‌ജസ്റ്റീസ് സഞ്‌ജീവ് ഖന്ന, ജസ്റ്റിസ്‌് സഞ്‌ജയ് കുമാര്‍, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് ഹരജികള്‍ പരിഗണിച്ചത്. ഹരജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞ തവണ വാദം കേട്ടപ്പോള്‍ കോടതി പറഞ്ഞിരുന്നു. തുടര്‍ന്ന് നിയമത്തിലെ ചില വകുപ്പുകള്‍ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി. ഉപയോഗം വഴി വഖ്‌ഫായത്, വഖ്‌ഫ് ആയി രജിസ്റ്റര്‍ ചെയ്‌തത് തുടങ്ങിയ സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇത് കോടതി രേഖപ്പെടുത്തി ഉത്തരവായി ഇറക്കി. സെന്‍ട്രല്‍ വഖ്‌ഫ് കൗണ്‍സിലിലും സംസ്ഥാന വഖ്‌ഫ് ബോര്‍ഡുകളിലും നിയമനങ്ങള്‍ നടത്തില്ലെന്നും കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കിയിരുന്നു.
വഖ്‌ഫ് വിഷയത്തില്‍ ഹരജിക്കാര്‍ തെറ്റായ ആഖ്യാനങ്ങള്‍ കൊണ്ടുവരുകയാണെന്നാണ് ഹരജിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്‌മൂലം നല്‍കിയത്. കേന്ദ്രത്തിന്റ നിലപാടിനെതിരെ അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് അടക്കമുള്ള ഹരജിക്കാര്‍ മറുപടി സത്യവാങ്‌മൂലങ്ങളും നല്‍കിയിരുന്നു.
വാദ-പ്രതിവാദങ്ങള്‍
ചീഫ് ജസ്‌റ്റിസ്: സര്‍ക്കാര്‍ നല്‍കിയ എതിര്‍ സത്യവാങ്‌മൂലം ഞങ്ങള്‍ ആഴത്തില്‍ പരിശോധിച്ചിട്ടില്ല. രജിട്രേഷനുമായി ബന്ധപ്പെട്ട് നിങ്ങള്‍ ചില കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തര്‍ക്കമുള്ള ചില കണക്കുകളും നല്‍കിയിട്ടുണ്ട്. അവ പരിശോധിക്കണം. നിങ്ങള്‍ പറയുന്ന ചില കാര്യങ്ങളില്‍ വ്യക്തത വേണം. ഇടക്കാലത്ത് വിധിയോ ഉത്തരവോ വേണ്ടതില്ല. ഈ വിഷയത്തില്‍ നേരത്തെ തന്നെ വാദം കേള്‍ക്കണം. പക്ഷെ, ഇത് ഞാന്‍ കേള്‍ക്കില്ല.
ചീഫ് ജസ്‌റ്റിസ്: നിങ്ങള്‍ സമ്മതിക്കുകയാണെങ്കില്‍ കേസ് ബുധനാഴ്‌ച ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ ബെഞ്ച് പരിഗണിക്കട്ടെ.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത: എനിക്ക് കുഴപ്പമില്ല.
ചീഫ് ജസ്‌റ്റിസ്: അവര്‍ക്ക് രണ്ടോ മൂന്നോ ദിവസം കൊടുക്കണം.
അഡ്വ. അഭിഷേക് മനു സിങ്‌വി (ഹരജി പക്ഷം): അടുത്ത ആഴ്‌ച്ചയാണെങ്കില്‍ നന്നാവും.
ചീഫ് ജസ്‌റ്റിസ്: അടുത്ത വ്യാഴാഴ്‌ച ജസ്‌്‌റ്റിസ് ബി ആര്‍ ഗവായിയുടെ ബെഞ്ച് കേള്‍ക്കട്ടെ.
അഡ്വ. അഭിഷേക് മനു സിങ്‌വി: ഞങ്ങളെ ഒഴിവാക്കാന്‍ ജസ്റ്റിസ് എളുപ്പ വഴി കണ്ടു
ചീഫ് ജസ്‌റ്റിസ്: മേയ് 15ന് കേസ് ലിസ്റ്റ് ചെയ്യാം.

