പരാതി നല്‍കാന്‍ എന്തുകൊണ്ട് നാലുവര്‍ഷം വൈകി? ബലാല്‍സംഗക്കേസ് റദ്ദാക്കി സുപ്രിംകോടതി

Update: 2025-09-09 17:02 GMT

ന്യൂഡല്‍ഹി: വ്യാജ ബലാല്‍സംഗ പരാതികള്‍ അതീവ ഗുരുതരമായ പ്രശ്‌നമാണെന്ന് സുപ്രിംകോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലെ ആരോപണവിധേയനെ വെറുതെവിട്ടാണ് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. പീഡനം നടന്നെന്ന് പറയുന്ന സമയത്തിന് ശേഷം നാലുവര്‍ഷത്തിന് ശേഷമാണ് പരാതിക്കാരി പോലിസിനെ സമീപിച്ചതെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. അവ്യക്തമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്. കേസില്‍ യുവാവിന്റെ മാതാപിതാക്കളെ പോലും പ്രതിയാക്കി. ആരോപണങ്ങളെ പിന്തുണയ്ക്കാനുള്ള സ്വതന്ത്രമായ തെളിവുകള്‍ ഒന്നും ഹാജരാക്കിയുമില്ലെന്നും സുപ്രിംകോടതി വിശദീകരിച്ചു.

ഇത്തരം കേസുമായി മുന്നോട്ടുപോയ കീഴ്‌ക്കോടതികളെയും സുപ്രിംകോടതി വിമര്‍ശിച്ചു. ഇത്തരം ആരോപണങ്ങളില്‍ ആരോപണവിധേയരെ കോടതി കയറ്റി ഇറക്കുന്നത് അവരുടെ പ്രശസ്തി കളങ്കപ്പെടുത്തും. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതികളില്‍ ജഡ്ജിമാര്‍ ജാഗ്രത പുലര്‍ത്തണം. പരാതി വ്യാജമാണെന്ന് തോന്നിയാല്‍ അത് റദ്ദാക്കാന്‍ ഉള്ള അവകാശം കോടതികള്‍ ഉപയോഗിക്കണം. സമ്മതത്തോടെയുള്ള ലൈംഗികബന്ധവും വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനവും തമ്മിലുള്ള വ്യത്യാസം മുന്‍കാലത്ത് നിരവധി വിധികളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആരോപണ വിധേയന്‍ സമര്‍പ്പിക്കുന്ന വാദങ്ങള്‍ വിശ്വാസ്യയോഗ്യമാണോ, അവ ആരോപണങ്ങളെ പൂര്‍ണമായും തള്ളുന്നതാണോ, അവയെ നേരിടാനുള്ള വാദങ്ങള്‍ പരാതിക്കാരിയുടെ കൈവശമുണ്ടോ, നിയമനടപടിയുമായി മുന്നോട്ടുപോവുന്നത് അനാവശ്യമാണോ, ഇക്കാര്യങ്ങള്‍ പരിഗണിച്ച് ഹൈക്കോടതിക്ക് കേസ് റദ്ദാക്കാം. വ്യാജകേസുകള്‍ ആരോപണവിധേയനെ ഉപദ്രവിക്കുന്നതിനൊപ്പം കോടതികളുടെ സമയവും കളയുന്നു. തുടര്‍ന്നാണ് കേസ് റദ്ദാക്കി സുപ്രിംകോടതി ഉത്തരവിട്ടത്.