ജഡ്ജിമാരുടെ സ്വത്ത് വിവരം പുറത്തുവിട്ട് സുപ്രിംകോടതി; ജസ്റ്റിസ് കെ വി വിശ്വനാഥന് 120.96 കോടിയുടെ നിക്ഷേപം, ചീഫ് ജസ്റ്റിസിന് 3.38 കോടി
ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെ ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. നിലവിലെ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് കോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. 120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ വി വിശ്വനാഥനാണ് ഏറ്റവും കൂടുതല്‍ സ്വത്ത്. ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ഏപ്രില്‍ ഒന്നിലെ ജഡ്ജിമാരുടെ മീറ്റിങ്ങിലെ തീരുമാനപ്രകാരമാണ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. 12 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇവരുടേത് ഉടന്‍ അപ്‌ലോഡ് ചെയ്യും. ജസ്റ്റിസ് കെ വി വിശ്വനാഥന്‍ പത്തു വര്‍ഷത്തില്‍ 91 കോടി രൂപ നികുതി അടച്ചിട്ടുണ്ട്.
മലയാളിയായ ജഡ്ജി കെ വിനോദ് ചന്ദ്രന്റെയും ഭാര്യയുടെയും നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും മ്യൂച്ചല്‍ ഫണ്ടുകളിലാണ്. അഞ്ച് മ്യൂച്ചല്‍ ഫണ്ടുകളിലാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതിന്റെ ഇപ്പോഴത്തെ മൂല്യം 7.94 ലക്ഷം ആണ്. ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ ഭാര്യക്ക് എട്ട് മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപം ഉണ്ട്. ഇവയുടെ ഇപ്പോഴത്തെ മൂല്യം 5.09 ലക്ഷം ആണ്. ആലുവ, പൂണിത്തുറ, പാലക്കാട് എന്നിവിടങ്ങളില്‍ ജസ്റ്റിസ് വിനോദ് ചന്ദ്രന് വസ്തുക്കള്‍ ഉണ്ട്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന 1989 മുതല്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ടില്‍ നിക്ഷേപം നടത്തിവരികയാണ്. നിലവില്‍ അദ്ദേഹത്തില്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ടില്‍ 1.06 കോടി നിക്ഷേപം ഉണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ഭാര്യക്ക് 64.51 ലക്ഷം രൂപയുടെ നിക്ഷേപം പബ്ലിക് പ്രോവിഡന്റ് ഫണ്ടില്‍ ഉണ്ട്. ചീഫ് ജസ്റ്റിസ് ഖന്നയുടെ ആകെ നിക്ഷേപം 3.38 കോടി രൂപയാണ്.
സുപ്രിം കോടതിയുടെ നിയുക്ത ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയ്ക്ക് മഹാരാഷ്ട്രയിലെ അമരാവതി, മുംബൈയിലെ ബാന്ദ്ര, ന്യൂഡല്‍ഹിയിലെ ഡിഫന്‍സ് കോളണി എന്നിവിടങ്ങളില്‍ അപ്പാര്‍ട്‌മെന്റുകള്‍ ഉണ്ട്. ഇതിന് പുറമെ അമരാവതി, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ കാര്‍ഷിക ഭൂമിയും ഉണ്ട്. എന്നാല്‍, ഷെയറുകള്‍, പ്രോവിഡന്റ് ഫണ്ടുകള്‍ എന്നിവയില്‍ ഉള്‍പ്പടെ ഗവായിക്ക് നിക്ഷേപം 42.77 ലക്ഷം രൂപയാണ്. ബാധ്യത 1.3 കോടി രൂപ ഉണ്ടെന്നും കണക്കുകളില്‍ വിശദീകരിച്ചിട്ടുണ്ട്.
2022 നവംബര്‍ ഒമ്പതു മുതല്‍ 2025 മേയ് അഞ്ചുവരെ സുപ്രിംകോടതി കൊളീജിയം നിയമന ശുപാര്‍ശ അംഗീകരിച്ച ജഡ്ജിമാരുടെ പേര്, ഏതു ഹൈക്കോടതി, നിയമിച്ച ദിവസം, ഇവര്‍ക്ക് നിലവിലുള്ളതോ വിരമിച്ചതോ ആയ സുപ്രിംകോടതി/ ഹൈക്കോടതി ജഡ്ജിമാരുമായി ബന്ധമുണ്ടോ, നിയമനത്തില്‍ ഹൈക്കോടതി കൊളീജിയത്തെിന്റെ ചുമതലകള്‍, സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ചുമതലയും നല്‍കിയ നിര്‍ദേശങ്ങളും, ഇവ പരിഗണിച്ച സുപ്രിം കോടതി കൊളീജിയത്തിന്റെ ചുമതലകളും നടപടികളും എന്നിവയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

