ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ താഹിര്‍ ഹുസൈന് എസ്‌കോര്‍ട്ട് പരോള്‍

Update: 2025-01-28 11:28 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് യുഎപിഎ കേസില്‍ ജയിലില്‍ അടച്ച താഹിര്‍ ഹുസൈന് എസ്‌കോര്‍ട്ട് പരോള്‍ അനുവദിച്ച് സുപ്രിംകോടതി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്താഫാബാദ് മണ്ഡലത്തില്‍ നിന്നും മല്‍സരിക്കുന്നതിനാലാണ് പ്രചാരണം നടത്താന്‍ എസ്‌കോര്‍ട്ട് പരോള്‍ അനുവദിച്ചിരിക്കുന്നത്.

താഹിര്‍ ഹുസൈനെ ജനുവരി 29 മുതല്‍ ഫെബ്രുവരി മൂന്നുവരെ വരെ പകല്‍ സമയത്ത് 12 മണിക്കൂര്‍ പോലിസ് കസ്റ്റഡിയില്‍ വിടുമെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കരോള്‍, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ് പറയുന്നു. ഇതിന് വരുന്ന ചെലവായ 2,07,429 രൂപ താഹിര്‍ ഹുസൈന്‍ വഹിക്കണം. കേസില്‍ ഗൂഢാലോചന നടന്നതായി ആരോപിക്കപ്പെടുന്ന സ്വന്തം വീട് സന്ദര്‍ശിക്കരുതെന്നും അഭിഭാഷകന്‍ ഒരുക്കിയ പ്രത്യേക താമസസ്ഥലത്തോ ഹോട്ടലിലോ താമസിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസിനെ കുറിച്ച് പരസ്യമായി അഭിപ്രായം പറയരുത്. വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രചാരണ കാലയളവ് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും കോടതി പറഞ്ഞു.

ഇടക്കാല ജാമ്യം തേടി താഹിര്‍ ഹുസൈന്‍ നല്‍കിയ ഹരജിയില്‍ നേരത്തെ സുപ്രിംകോടതി ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് കേസ് മൂന്നംഗബെഞ്ചിന്റെ പരിഗണനയില്‍ എത്തിയത്. ജാമ്യം നല്‍കുന്നതിന് പകരം എസ്‌കോര്‍ട്ട് പരോളാണ് നല്‍കിയിരിക്കുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരായ സമരകാലത്ത് രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ കൊല്ലപ്പെട്ട കേസിലും താഹിര്‍ ഹുസൈനെ പ്രതിചേര്‍ത്തിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി കൗണ്‍സിലറായിരുന്ന കാലത്താണ് താഹിര്‍ ഹുസൈന്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്. തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കി. ഇതിന് ശേഷം അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്.

Tags: