ഗസയില്‍ ഇസ്രായേല്‍ വീണ്ടും അധിനിവേശം തുടങ്ങിയാല്‍ തെല്‍അവീവ് ആക്രമിക്കുമെന്ന് ഹൂത്തികള്‍
സന്‍ആ: ഗസയില്‍ ഇസ്രായേല്‍ വീണ്ടും അധിനിവേശം തുടങ്ങിയാല്‍ തെല്‍അവീവ് അടക്കമുള്ള പ്രദേശങ്ങളെ ആക്രമിക്കുമെന്ന് യെമനിലെ ഹൂത്തികള്‍. മുന്‍കാലത്ത് നടത്തിയ ആക്രമങ്ങളെക്കാള്‍ വ്യാപ്തിയുള്ള ആക്രമണങ്ങളാണ് ഉണ്ടാവുകയെന്ന് ഹൂത്തികളുടെ നേതാവായ സയ്യിദ് അബ്ദുല്‍ മാലിക് അല്‍ഹൂത്തി പറഞ്ഞു.
'' ഫലസ്തീനികള്‍ക്കും അവരുടെ പ്രതിരോധപ്രസ്ഥാനങ്ങള്‍ക്കും പ്രത്യേകിച്ച് അല്‍ ഖസ്സം ബ്രിഗേഡിനും ഒപ്പം നില്‍ക്കണമെന്ന മതപരവും മനുഷ്യത്വപരവും ധാര്‍മികപരവുമായ നിലപാടില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുകയാണ്. ഗസ ആക്രമിക്കപ്പെടുകയാണെങ്കില്‍ ഇസ്രായേലിനെതിരെ വിവിധ മുന്നണികളില്‍ യുദ്ധം ആരംഭിക്കും. ഫലസ്തീനികള്‍ക്ക് പലരീതിയില്‍ പിന്തുണ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.''-അദ്ദേഹം പറഞ്ഞു.
തൂഫാനുല്‍ അഖ്‌സയ്ക്ക് ശേഷം ഇസ്രായേല്‍ ഗസയില്‍ അധിനിവേശം നടത്തിയപ്പോള്‍ ഫലസ്തീനികള്‍ക്ക് പിന്തുണയുമായി ഹൂത്തികള്‍ രംഗത്തെത്തിയിരുന്നു.