ഇസ്രായേലിനെ സഹായിക്കുന്ന 228 കപ്പലുകളെ ലക്ഷ്യമിട്ടു: സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി
സന്‍ആ: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിനെ സഹായിക്കാന്‍ ഒരുങ്ങിയ 228 കപ്പലുകളെ ഇതുവരെ ലക്ഷ്യമാക്കിയെന്ന് യെമനിലെ അന്‍സാറുല്ലയുടെ പരമോന്നത നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് അല്‍ഹൂത്തി. ഇസ്രായേലിനെതിരായ ആക്രമണങ്ങള്‍ പവിത്രമായ കടമയാണ്. ''എളുപ്പമായാലും ഭാരമുള്ളതായാലും മുന്നോട്ട് നീങ്ങുക, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങള്‍ക്കുള്ള പ്രതിഫലം രേഖപ്പെടുത്തട്ടെ, നിങ്ങളുടെ മുഖങ്ങളെ ബഹുമാനിക്കട്ടെ, നിങ്ങളുടെ പദവി ഉയര്‍ത്തട്ടെ, നിങ്ങളിലൂടെ ഒരു വലിയ വിജയം നേടട്ടെ.''-അല്‍ ഹൂത്തി പറഞ്ഞു.
കഴിഞ്ഞ ആഴ്ചയിലെ ഇസ്രായേലി ആക്രമണം, ശരിയും മഹത്തരവുമായ നിലപാട് സ്വീകരിച്ച യെമന്‍ ജനതയുടെ ഇച്ഛാശക്തിയെ തകര്‍ക്കില്ലെന്നും അല്‍ ഹൂത്തി പറഞ്ഞു. കീഴടങ്ങലിന്റെ പാതയാണ് യഥാര്‍ത്ഥ നഷ്ടം. അത് ശത്രുവിന്റെ പൂര്‍ണ്ണമായ ആധിപത്യം, അടിമത്തം, അപമാനം, കൊള്ള എന്നിവയിലേക്ക് നയിക്കുന്നു. ശത്രുവുമായുള്ള സഹകരണം ദൈവത്തിന്റെ ശാപത്തിനും കോപത്തിനും അര്‍ഹമാകുന്ന പാപമാണ്. വ്യാഴാഴ്ചത്തെ ഇസ്രായേലി ആക്രമണത്തെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മാത്രം യെമനില്‍ 1416 പ്രകടനങ്ങളും പ്രതിഷേധവും ഉണ്ടായി. നിരവധി പ്രവിശ്യകളില്‍ പരിശീലന കോഴ്സുകളും സൈനിക മാര്‍ച്ചുകളും നടന്നുകൊണ്ടിരിക്കുകയാണ്. സയണിസ്റ്റുകള്‍ക്കെതിരേ നിരവധി പോര്‍മുനകള്‍ ഉള്ള മിസൈലുകള്‍ ഉപയോഗിക്കുന്നത് പുതിയ മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധാനന്തര ഗസ മുനമ്പിനായുള്ള യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പദ്ധതി വാസ്തവത്തില്‍ ഫലസ്തീനികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കി മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഒരു 'ഇസ്രായേല്‍ ബ്ലൂപ്രിന്റ്' ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'' സയണിസ്റ്റ് ഭരണകൂടത്തിന്റെ മുഴുവന്‍ ആവശ്യങ്ങളും ഉള്‍പ്പെടുത്തിയ പദ്ധതി ആദ്യം നെതന്യാഹുവിന് തന്നെയാണ് ട്രംപ് നല്‍കിയത്. ഫലസ്തീനികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുക, ഇസ്രായേലി ആധിപത്യം സ്ഥാപിക്കുക, പ്രദേശത്തെ സയണിസ്റ്റ് ശക്തികേന്ദ്രമാക്കി മാറ്റുക എന്നിവയാണ് ട്രംപിന്റെ പദ്ധതി. ഫലസ്തീന്‍ രാഷ്ട്രം എന്ന പേര് പ്രതീകാത്മകമായി പോലും പദ്ധതിയില്‍ ചേര്‍ത്തില്ല.''-അദ്ദേഹം വിശദീകരിച്ചു.
